Monday, July 28, 2008

വീണപൂവിന് നൂറു വർഷം..

അനശ്വരനായ ആശാനും വിവാദങ്ങളും


ഹാകവി കുമാരനാശാൻ രചിച്ച വീണപൂവ് എന്ന ഖണ്ഡകാവ്യത്തിന് (1907ൽ രചിച്ച) നൂറു വർഷം കഴിയുന്നു. ഈ അവസരത്തിൽ, കവിതകളെ ഏറെ താലോലിച്ചിരുന്ന, ഇന്നും ഉള്ളിന്റെയുള്ളിൽ പ്രിയമായി കൊണ്ടു നടക്കുന്ന ഒരു കൂട്ടം മലയാളികൾ ആശാൻ കവിതകളുടെ, പ്രത്യേകിച്ചും വീണപൂവിന്റെ ലളിതസുന്ദരമായ മഹത്വം ശ്രദ്ധിക്കാതെ വരില്ല।

മലയാള കവിതയിലെ നാഴികക്കല്ലെന്നു വിശേഷിക്കപ്പെടുന്ന വീണപൂവിന്റെ നൂറാം വയസ്സ് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടുവോ? അതിന് നമുക്കിവിടെ കവികളോ, കവിതയെ സ്നേഹിക്കുന്ന ഒരു വിഭാഗമോ ഇല്ലല്ലോ! ഉണ്ടെങ്കിൽ തന്നെ വംശനാശ ഭീഷണിയിലാണന്നു വേണം കരുതാൻ। എങ്കിലും, ഇവിടെ സിനിമാ പാട്ടെഴുത്തുകാരും, ആദ്വാദകരും സജീവമായിരിക്കുന്നു എന്നതിൽ സമാധാനിക്കാം।
അല്ലെങ്കിൽ തന്നെ ആശാൻ കവിതകളെ വേണ്ടവിധം ആദരിക്കാൻ കഴിഞ്ഞ നൂറു വർഷങ്ങളിൽ എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ?। പകരം ആശാൻ കവിതകളെ കുറിച്ചു വിഭിന്നങ്ങളായ കാഴ്ചപ്പാടുകളും, നിലപാടുകളുമായി വളരെ അധികം ലേഖനങ്ങളും,പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്। ആ വിവാദങ്ങളൊക്കെയാണ് സത്യത്തിൽ നാം ഏറെ ശ്രദ്ധിക്കപ്പെട്ടതെന്നു തോന്നുന്നു। ആശാൻ കവിതയിലെ നവോത്ഥാന മൂല്യങ്ങളെ സംബദ്ധിച്ച് ഇതിനകം ഉണ്ടായിട്ടുള്ള (അല്ലെങ്കിൽ ഉണ്ടാക്കിയിട്ടുള്ള) വിവാദങ്ങൾ എന്നെപ്പോളുള്ള വായനക്കാരിൽ അവശേഷിപ്പിക്കുന്ന സംശയങ്ങൾ നിരവധിയാണ്।

ഈ വിധം സംഗമങ്ങളിലൂടെയും, ചർച്ചകളിലൂടെയും ആയതിനൊരു നിവർത്തിയുണ്ടാകുമെങ്കിൽ അങ്ങനെ ആകട്ടെ എന്നു കരുതി ഇവിടെ കുറിക്കുന്നു।ഔപചാരിക വേദികളിലെ പ്രാസംഗികരൊക്കെ മുൻ കൂട്ടി തീരുമാനിച്ചുറച്ച മേഖലകളിലേക്കു മാത്രം, ചർച്ചകളും,പ്രഭാഷണങ്ങളും, ലേഖനങ്ങളും (അവരെ, സംബന്ധിച്ചിടത്തോളം ‘കാടുകയറാതെ’) നയിക്കുന്നതിനാൽ നമ്മുടെ സംശയങ്ങളൊക്കെ എന്നും അതേപടി അവശേഷിക്കുക സ്വാഭാവികം।

1
കുമാരനാശാന്റെ ദുരിതം നിറഞ്ഞ ജീവിതത്തേയും,കാവ്യജീവിതത്തിലെ അതുല്യ സംഭാവനകളേയും; ചേർത്തറിയുന്ന ഒരാൾക്ക് ആശാന്റെ കൃതികൾ ജനകീയമല്ലെന്നും,ബൂർഷ്വാ വിപ്ലവ കവിതകളെന്നും, വിലയിരുത്താനാവുമോ?

2

മലയാള സാഹിത്യത്തിൽ, രണ്ടു ദശാഘട്ടങ്ങൾ ഉണ്ടായിട്ടുള്ളതിൽ; ആശാൻ ഉൾപ്പെടുന്ന താണ ജാതിക്കാർ ഉയർന്നുവന്ന രണ്ടാം ഘട്ടത്തിൽ പോലും,“ജന്മി-മുതലാളി മർദ്ദനത്തിൽ ചൂഷിതരായ തൊഴിലാളി കർഷക ബഹുജനങ്ങളിൽ; സാഹിത്യാസ്വാദകരോ, രചയിതാക്കളോ ഉണ്ടായിട്ടില്ല എന്ന കണ്ടെത്തൽ, വസ്തുതാപരമായിരുന്നുവോ?

3

മാത്രമല്ല, ആശാന് ശേഷമാണ് തൊഴിലാളിവർഗ്ഗം കേരളത്തിൽ രാഷ്ടീയത്തിലും,സാഹിത്യത്തിലും സംഘടിത ശക്തിയായത് എന്ന വാദഗതി ഇനിയും നിലനിൽക്കുന്നതാണോ?

4

ആശാൻ അടക്കം, കേരളത്തിൽ എല്ലാവരുടേയും ദൃഷ്ടിയിൽ സ്വപ്നമായിരുന്ന മിശ്രവിവാഹം, സാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ച കൃതിയാണ്,“ദുരവസ്ഥ”। മിശ്രവിവാഹം കഴിക്കുന്നവരുടെ പിന്നീടുള്ള ജീവിത ഭദ്രതയിൽ പോലും ആശാൻ ശ്രദ്ധിച്ചിരുന്നതായി, “ദുരവസ്ഥ”യിലെ സാവിത്രി തന്റെ പഴയ ജീവിത പാരബര്യമാകെ ഉപേക്ഷിച്ച്, ഒരു കർഷകതൊഴിലാളി സ്ത്രീയായി സ്വയം മാറുന്നതിന്റെ കാഴ്ചയിലൂടെ മനസ്സിലാക്കാൻ കഴിയും। ആ നിലയ്ക്ക്, ആശാന്റെ “ദുരവസ്ഥ’,യെ ഒരു മിശ്രവിവാഹ കവിത മാത്രമായി കാണാൻ കഴിയുമോ?


5

ആശാൻ, “ദുരവസ്ഥ, എഴുതിയപ്പോഴും, അതുമായി വൈകാരികമായി യോജിക്കുവാൻ കഴിഞ്ഞെങ്കിലും, ബുദ്ധിപരമായി യോജിക്കുവാൻ അദ്ദേഹത്തിന്റെ പഠിപ്പും,പരിശീലനവും എതിരുനിന്നു”, എന്ന ആരോപണം കാവ്യരചനയിൽ നിലനിൽക്കുന്ന താണോ? കവിയുടെ വികാരം ഒരു വഴിക്കും, ബുദ്ധി എതിർ വഴിക്കും സഞ്ചരിക്കുക സംഭാവ്യമാണോ?

6

“ചിന്താവിഷ്ടയായ സീത്’ യിൽ നമ്മെ ആകർഷിക്കുന്നത്, സീതയെ ചിന്താവിഷ്ടയാക്കുന്ന, ‘കുശ-ലവൻ’ ന്മാരും, വാല്മീകിയുമില്ലാത്ത ആശ്രമസന്ധ്യയും ഉദ്ദീപ്തമാക്കുന്ന ഭാവ പരബരയാണോ?। അതോ, വിപ്ലവത്തിന്റെ പക്ഷത്തു ചേർന്ന് രാജവാഴ്ചക്കെതിരായി പടവാളുയർത്തുന്ന സീതയെയോ?

7

ഇൻഡ്യയുടെ സ്വാതന്ത്രത്തിനും,പുരോഗതിക്കും മുൻപിലുള്ള നിർണ്ണായക പ്രതിബന്ധം, ജാതി വ്യവസ്ഥയാണന്ന് മാർക്സിന്റെ പക്ഷം। എന്നാൽ ഈ നിർണായക പ്രതിബന്ധത്തിനെതിരായി സമര കാഹളം മുഴക്കിയ മഹാകവി കുമാരനാശാനെയെന്തേ സ്വാതന്ത്ര്യ വിരോധിയായി ചിലർ വിലയിരുത്തി।

1908ൽ ആശാൻ എഴുതിയ ഒരു പദ്യത്തെ ചൊല്ലിയായിരുന്നല്ലോ,മുഖ്യമായും ഈ വിധിയെഴുത്ത്!

“എന്തിനു ഭാരതധരേ കരയുന്നു

പാരതന്ത്രം നിനക്ക്,വിധികല്പിത മാണു തയേ!

ചിന്തിക്ക ജാതി മദിരാന്ധരടിച്ചു

തമ്മിലന്തപ്പെടും തനയർ,എന്തിനയേ സ്വരാജ്യം”

[ഒരു തീയകുട്ടിയുടെ വിചാരം]

ആശാന്റെ ഈ വരികളിൽ അടങ്ങിയിരിക്കുന്ന അദമ്യമായ ജാതി വിരോധവും, സ്വാതന്ത്ര്യത്തിന് തടസ്സമായി അന്നു നിലനിന്നിരുന്ന ജാതി കലഹങ്ങളും ഓർത്തു ദുഖിക്കുന്ന ആ പദ്യം സ്വാതന്ത്ര്യ വിരോധിയായ ആശാനെയാണോ വെളിവാക്കുന്നതു?

8

തന്റെ പരമസ്വാതന്ത്ര്യം ഇങ്ങനെ തുറന്നെഴുതിയ ആശാൻ:

“സ്വാതന്ത്ര്യം തന്നെ യമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികൾക്കു, മൃതിയേക്കാൾ ഭയാനകം”

പിന്നീടെന്തുകൊണ്ട് സ്വന്തം കൃതികളിൽ അന്നത്തെ രാഷ്ടീയാവസ്ഥയെ ഒഴിവാക്കി? സ്വാതന്ത്ര സമര പ്രസ്ഥാനത്തോടോ അതിലെ അമരക്കാരായ മഹാത്മാക്കളോടോ ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ഉതകുന്നതൊന്നും എന്തേ ആശാൻ എഴുതിയില്ല? വിദേശാധിപത്യത്തിലാണ്ട ഭാരതീയാവസ്ഥയെ പശ്ചാത്തലമാക്കി ഒരു കൃതിയെങ്കിലും എന്തേ എഴുതിയില്ല?

9

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതിന് ശേഷം,വെയിത്സ് രാജകുമാരന്റെ കൈയ്യിൽ നിന്നും,ആശാൻ എന്തുകൊണ്ട് പട്ടും വളയും സ്വീകരിച്ചു?

10

1913ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായതു കൊണ്ടു, ദൈനംദിന രാഷ്ടീയകാര്യങ്ങളിൽ ആശാന്, താല്പര്യമില്ലായിരുന്നു എന്ന് വിശ്വസിക്കണമോ?

11

യുക്തിയും,പ്രധിക്ഷേധവും ഉൾക്കൊണ്ട ഒരു റാഷണലിസ്റ്റായ ‘ദേശീയനവോത്ഥാന നായകന്റെ’ സഫലമായൊരു പ്രതിഫലനം തന്നെയല്ലേ കവിയെന്ന നിലയിലും, ആശാന്റെ ദ്വമുഖ പ്രവർത്തനങ്ങളിൽ കാണാൻ കഴിയുക?

അതായത്;-ജാതി വിവേചനഫലമായ,സാമൂഹ്യ വൈകൃതങ്ങളെ തന്റെ ലഘുഗീതികളിലും, ഖണ്ഡകാവ്യങ്ങളിലൂടെയും(ഒരു പാട്ട്, സിംഹനാദം,ഒരുൽബോധനം, ദുരവസ്ഥ,ചണ്ഡാലഭിക്ഷുകി) നിശിതമായി വിമർശിക്കുന്നതിലൂടെ;

-വീണപൂവിലെ ആദ്ധ്യാന്മികതയിലൂന്നിയ ആ സ്നേഹദർശനത്തിലൂടെ, ‘സ്നേഹമാണഖിലസാര- മൂഴിയിൽ’ എന്ന മഹത് വാക്യങ്ങളിലെ ദർശനം വെളിവാക്കിതരുന്നതിലൂടെ;

-‘ചിന്താവിഷ്ടയായ സീത’ യിലൂടെ, സ്ത്രീയുടെ ‘സ്വാതന്ത്യ-വ്യക്തിത്വങ്ങളെ’ തടയുന്നതിന് പുരുഷന് സഹായകമാകുന്ന രാജനീതികളും, സ്മൃതികളും ധർമ്മ സംഹിതകളാകുന്നതിനെ ആശാൻ നിശിതമായി വിമർശിക്കുന്നതിലൂടെയൊക്കെ!

12

രാഷ്ടീയ സ്വാതന്ത്ര്യ സമരത്തിലല്ല, സാമൂഹിക പരിഷ്കരണത്തിനാണ് ആശാൻ പ്രാധാന്യം നൽകിയത് എന്നു കരുതുന്നതല്ലേ കൂടുതൽ ശരി? കവിതകളിൽകൂടിയും അതിലേറെ “വിവേകോദയം’, ‘മിദവാദി’, ‘പ്രതിഭ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കൂടിയും, പ്രജാസഭയിലെ പ്രസംഗങ്ങളിൽ കൂടിയും തന്റെ മൂർച്ചയുള്ള യുക്തിയുടെ ഭാഷ ഉപയോഗിച്ച് സാമൂഹ്യ അനാചാര്യങ്ങൾക്കെതിരേയും, സർക്കാറിന്റെ ദൂഷിത നയങ്ങൾക്കെതിരേയും ആശാൻ പൊരുതിയെന്ന് കാണരുതോ?

13

കവിത്രയത്തിൽ, ആശാന്റെയും,ഉള്ളൂരിന്റെയും കാവ്യസൃഷ്ടികൾ മാർക്സിസത്തിൽ നിന്നും വളരെദൂരം സ്ഥിതിചെയ്യുന്നുവെന്നും; വള്ളത്തോൾ അടിമുതൽ മുടിവരെ ഗാന്ധിഭക്തനായിരുന്നു എന്നും വിശ്വസിക്കണമോ?

14

പ്രതിഭാശാലികളായ കലാ-സാഹിത്യകാരന്മാരെ ലഭിക്കാൻ, ജന്മസിദ്ധമായ വാസനയോടു, പരിശ്രമ ലബ്ധമായമായ പലതും ചേരണം.പോരാ അനുകൂല സാഹചര്യം കൂടി ലഭിക്കണം എന്നിരിയ്ക്കേ; അന്ന് നിലനിന്ന അത്യധികം സങ്കീർണ്ണതയുള്ള ജാതിവ്യവസ്ഥ സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ ആശാൻ എങ്ങനെ അതിജീവിച്ചു? ഒരു മഹാകാവ്യവുമെഴുതാതെ എങ്ങനെ മഹാകവിയായി?

15

സാഹിത്യ കലാരംഗങ്ങളിൽ ജാതീയതയും, വർഗ്ഗീയതയും ഇപ്പോൾ ഗണ്യമായ ഒരു വിപത്തായി കഴിഞ്ഞിട്ടില്ലങ്കിലും, വിപൽ സാധ്യത അപ്പാടെ നിഷേധിക്കുന്നത് ബുദ്ധിപൂർവകമായിരിക്കുമോ? ഇന്നും, മതവും ജാതിയും തീർക്കുന്ന മതിൽക്കെട്ടുകളാണ് ഭാരതത്തിന്റെ സ്വച്ഛതയ്ക്കും, പുരോഗതിക്കും ഉള്ളതടസ്സം എന്ന് സമീപകാല സംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നില്ലേ?

Thursday, July 24, 2008

പുന്നപ്ര- വയലാർ ദുരന്തത്തിന്റെ ബാക്കിപത്രം

ഈ ദുരന്തത്തിൽ കോൺഗ്രസ്സ് നേതാക്കളുടെ നിലപാടുകൾ:

കോ
ൺഗ്രസ്സ് നേതാക്കളായ പട്ടം താണുപിള്ള,ടി.എം .വർഗ്ഗീസ്സ് എന്നിവർ വർക്കിങ്ങ് കമ്മിറ്റി നിയോഗമനുസരിച്ച് 1946ഒക്ടോബർ പതിമൂന്നാം തീയതി ഭക്തിവിലാസത്തു ചെന്നു സർ।സി।പി।യെ ക്ണ്ടു। തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് തുടർന്നു വന്ന മർദ്ദന സംവിധാനത്തെ -സർ।സിപി।യുടെ, 1946ഒക്ടോബർ ഒന്നാം തീയതിയിലെ “കരിനിയമം”- പിൻവലിക്കാനും, പ്രഖ്യാപിത ഭരണ പരിഷ്ക്കാരത്തിൽ ദിവാൻ ഭരണത്തിനു സ്ഥാനമുണ്ടോ, ഇല്ലയോ എന്ന് ഉറപ്പുവരുത്താനുമുള്ള ഈ സന്ധി സംഭാഷണ ദിവസം തന്നെ തൊഴിലാളി സംഘടനാ നേതാക്കൾ ആലപ്പുഴയിൽ സമ്മേളിച്ച് ഒരു പണിമുടക്കിന് തീരുമാനിച്ചു-1946ഒക്ടോബർ22ന്।തൊഴിലാളികളുടെ ഈ ചെറുത്തു നില്പിനും പ്രത്യക്ഷ സമരത്തിനും, ടി।എം।വർഗ്ഗീസ്സ് ഉൾപ്പെടെയുള്ള ചില കോൺഗ്രസ്സ് നേതാക്കളുടെ പിന്തുണയും, പ്രോത്സാഹനവും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം।

എന്നാൽ ദിവാന്റെ സർക്കാറിനോട് ഏറ്റുമുട്ടി വയലാറിലും, പുന്നപ്രയിലും തൊഴിലാളികൾ മരിച്ചു വീണപ്പോൾ, കോൺഗ്രസ്സ് നേതാക്കൻന്മാർ മാത്രമല്ല, അവരെ കുറ്റപ്പെടുത്തി പിൽക്കാലത്ത് പുസ്തകമെഴുതിയ ശ്രീകണ്ഠൻ നായരും, തൊഴിലാളികളെ കൈവിടുകയാണ് ചെയ്തത്।
കുബളത്തു ശങ്കുപ്പിള്ള, പുന്നപ്ര-വയലാർ സമരത്തെ കുറിച്ച് ഇങ്ങനെയും ചരിത്രത്തിൽ അഭിപ്രായപ്പെട്ടുകാണുന്നു।
“॥വയലാർ-പുന്നപ്ര സമരത്തെ കുറിച്ച് സമഗ്രമായ ഒരു പഠനം ഞാൻ നടത്തിയിട്ടുണ്ടെങ്കിലും, പൂർണമായിട്ടതിനെ കുറിച്ച് വിവരിക്കുക എന്നത് ഒരു സാഹസമായിരിക്കും। ഇന്നും വയലാർ-പുന്നപ്ര സമരത്തെ കുറിച്ച് വിവിധങ്ങളായ അഭിപ്രായങ്ങൾ നിലവിലിരിക്കുബോൾ; ഇതിലേത് ശരിയെന്നും,ഏതു തെറ്റെന്നും ഖണ്ഡിതമായി പറയുക അസാധ്യവുമാണ്। വിവേകരഹിതവും, ബുദ്ധിശൂന്യവും, സാഹസികവും എന്നു തന്നെയല്ല ശതക്കണക്കിന് തൊഴിലാളികളുടെ ജീവൻ നിഷ്ഫലമായും, നിഷ്പ്രയോജനമായും ബലികൊടുത്തു, എന്നൊരു കൂട്ടർ വാദിക്കുബോൾ; ആയത് ത്യാഗത്തിന്റേയും,ധീരതയുടേയും, ദേശാഭിമാനത്തിന്റേയും ഉരക്കല്ലായി മറ്റൊരു കൂട്ടർ ഈ സമരത്തെ ഇന്നും ഉയർത്തിക്കാട്ടുന്നുണ്ട്।”

എന്നാൽ പുന്നപ്ര-വയലാർ സംഭവത്തെ സ്വതന്ത്ര തിരുവിതാംകൂർ വാദമായി ഇന്നും ചിലർ വ്യാഖ്യാനിച്ചു കാണുന്നു। അങ്ങനെ ബന്ധപ്പെടുത്തുന്നത് തികച്ചും പിൽക്കാലത്തു നടന്ന ഒരു സംഭവത്തിനു പൂർവ്വകാലപ്രാബല്യം നൽകി മനപൂർവ്വം ചിന്താകുഴപ്പം സ്യഷ്ടിക്കുകയാണ്। ആയതിന് ഇ।എം.സ്സ്.തന്നെ ‘കേരള ചരിത്രം മാർസിസ്റ്റ് വീക്ഷണത്തിൽ’ എന്ന ക്യതിയിൽ (പുറം321) പ്രസ്താവിച്ചിട്ടുള്ളത് കാണുക. “
॥പുന്നപ്ര-വയലാറിന്ശേഷമാണ് ‘സ്വതന്ത്ര തിരുവിതാംകൂർ, എന്നമുദ്രാവാക്യം സർ।സി.പി.ഉയർത്തിയത്”
എല്ലാ അക്രമങ്ങളും സ്വാതന്ത്ര സമരത്തിന്റെ ഭാഗമാകാതെ ഇരിക്കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം!

ആർ.ശങ്കർ എന്നും വിവാദങ്ങളിൽ

ആർ.ശങ്കറും വിവാദങ്ങളും


ജീവിച്ചിരുന്ന കാലത്തുതന്നെ വളരെയേറെ തെറ്റിധരിക്കപ്പെടുകയും, എതിർപ്പും, വിവാദങ്ങളും ഏറ്റു വാങ്ങേണ്ടിയും വന്ന ആർ।ശങ്കറിന് അദ്ദേഹത്തിന്റെ ജന്മസതാബ്ദി ആഘോഷ വേളകളിൽപ്പോലും ചില ചരിത്ര സത്യങ്ങളുടെ വളച്ചൊടിക്കലുകളിലൂടെ വീണ്ടും അവഹേളിക്കപ്പെട്ട കാഴ്ച ഈ കഴിഞ്ഞ മേയ് (2008)മാസങ്ങളിൽ കാണേണ്ടിവന്നു।
എന്നാൽ ചരിത്രസത്യങ്ങളിലൂടെ ഒന്നു പിന്നോക്കം പോകുന്ന ഒരു സ്വതന്ത്രചിന്തകന് ആർ.ശങ്കറിന്റെ
ചിത്രം തന്റെ മനസ്സിൽ തികച്ചും മാറ്റി വരയ്ക്കേണ്ടിവരും।
വിവാദങ്ങളിൽ പ്രധാനം, പുന്നപ്ര-വയലാർ ദുരന്തത്തിൽ ആർ।ശങ്കറിന്റെ ദൌത്യം തന്നെയാവും ചരിത്രം പഠിച്ചു മറന്ന സാധാരണക്കാരുടെ ഓർമ്മയിലെത്തുന്നത്। ഇക്കാര്യത്തിൽ കുബളത്തു ശങ്കുപ്പിള്ളയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ,“പുന്നപ്ര-വയലാർ സമരത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തിയിട്ടുള്ളവർക്കുപോലും,പൂർണ്ണമായിട്ടതിനെ കുറിച്ച് വിവരിക്കുക ഒരു സാഹസമായിരിക്കും”। നമുക്കും ആവിധമല്ലാതെ മറിച്ചു ചിന്തിക്കാൻ എന്തുതെളിവാണുള്ള്ത്।

1
ആദ്യമായി സർ.സി.പി.യുടെ “അമേരിക്കൻ മോഡൽ” ഭരണത്തിനു വേണ്ടി വാദിച്ച ആർ.ശങ്കർ എന്ന ആരോപണം തന്നെ നോക്കാം:


1947ഏഫ്രിലിൽ തിരുവിതാംകൂർ മഹാരാജാവ് ഭരണപരിഷ്ക്കാര വിളംഭരം ഒപ്പുവച്ചശേഷം,എസ്സ്। എൻ.ഡി.പി.യോഗവും,ആർ.ശങ്കറും സർ.സി.പി.യുടെ “അമേരിക്കൻ മോഡൽ” (എക്സികൂട്ടീവ്) ഭരണപരിഷ്ക്കാരങ്ങളുടെ ഉള്ളടക്കത്തെ വിശകലനം ചെയ്തുകൊണ്ട്, ആർ.ശങ്കർ തന്നെ “വിവേകോദയ” ത്തിൽ എഴുതിയ (മേയ്-ജൂൺ ലക്കം പതിപ്പുകളിൽ), കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു। ആയതിൽ നിന്നും ശങ്കറോ,എസ്സ്।എൻ।ഡി।പി।യോഗമോ ഒരിക്കലും സർ।സി।പി।യുടെ എക്സികൂട്ടീവ് ഭരണപരിഷ്ക്കാര നിർദ്ദേശങ്ങളെ (അമേരിക്കൻ മോഡൽ) നിരുപാധികം സ്വീകരിച്ചു കാണുന്നില്ല। മാത്രമല്ല അവകുറ്റതാണന്ന് അഭിപ്രായപ്പെട്ടിട്ടുമില്ല। എന്നാൽ അവ പാടെതള്ളികളയുന്നതിനു പകരം ഭിന്നിച്ചു നിൽക്കുന്ന ബന്ധപ്പെട്ട കക്ഷികളെ അനുരഞ്ജിപ്പിച്ച് സമാധാനപരവും,വ്യവസ്ഥാപിതവുമായ രീതിയിൽ ഭരണപുരോഗതി കൈവരിക്കാനുള്ള മാർഗ്ഗങ്ങളാണ് നിർദ്ദേശിച്ചു കാണുന്നത്।


എസ്സ്.എൻ.ഡി.പി.യോഗത്തിന്റേയും അത് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റേയും താല്പര്യങ്ങൾക്ക് ഏതു പരിതസ്ഥിതിയിലും മുൻതൂക്കം കല്പിക്കാൻ ബാദ്ധ്യസ്ഥനായ ഒരു ജനറൽ സെക്രട്ടറി,ഒരു രാഷ്ടീയപ്രക്ഷോഭകന്റെ നിലവിട്ട് രാജ്യതന്ത്രജ്ഞന്റെ നില സ്വീകരിച്ചത് അപലപനീയമെന്നെങ്ങനെ പറയും? “ക്വറ്റ് ഇൻഡ്യാ” സമരത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിട്ടുനിൽക്കാൻ ഇടയാക്കിയ സാഹചര്യവും ഇവിടെ ഓർത്തുപോകുന്നു।


ഈ വിഷയത്തിൽ അക്കാലത്ത് ആർ।ശങ്കറിന്റെ രാഷ്ടീയ ശത്രുവായിരുന്ന, ടി।കെ।ദിവാകരൻ പറഞ്ഞ വാക്കുകൾ കൂടി ശ്രദ്ധിക്കുന്നത് നന്നയിരിക്കും। “പലനേതാക്കന്മാരും,കോൺഗ്രസ്സ് വിട്ടുപോയതും സി.പി।യുടെ അനുകൂലികളായി തീർന്നതും ഉദ്ദോഗലബ്ധി തുടങ്ങിയ സ്വന്തം താൽ‌പ്പര്യത്തിനുവേണ്ടിയാണ്। ശങ്കർ എസ്സ്।എൻ।ഡി।പി।യോഗത്തിന്റേയും,തന്റെ സമുദായത്തിന്റേയും താല്പര്യങ്ങളാണ് നോക്കിയത്।സ്വന്തം താല്പര്യമല്ല। അതു നമ്മൾ അംഗീകരിക്കണ്ടെ?”


2


ഇനി വയലാറിലെ അന്നത്തെ സമര ക്യാബുകളെ കൂറിച്ച്:


വയലാറിലെ സമരക്യാബുകളെന്ന് പറയുന്നത്, മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലമായിരിന്നു। “വയലാർ സ്റ്റാലിൻ” എന്നപേരിലറിയപ്പെട്ടിരുന്ന സി।കെ।കുമാരപ്പണിക്കരുടെ മേൽനോട്ടത്തിൽ, കമ്മ്യൂണിസ്റ്റ് വാളണ്ടിയർമാർക്ക് വാരികുന്തം, വെട്ടുകത്തി,കല്ല് എന്നിവ ആയുധങ്ങളായീ ഉപയോഗിച്ച് പൊലീസിനേയും, പട്ടാളത്തേയും ചെറുത്തുനിൽക്കാൻ പ്രത്യേകം പരിശീലനം നൽകിയിരുന്ന കേന്ദ്രങ്ങളെയാണ് സമരക്യാബുകളെന്ന് അറിയപ്പെടുന്നത്। കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന,മേനാശ്ശേരി, ഒളതല, വയലാർ തുടങ്ങിയ പല കേന്ദ്രങ്ങളിലും പാർട്ടി അനുഭാവികളായ കർഷകർക്കും, തൊഴിലാളികൾക്കും പട്ടാള ചിട്ടയിലുള്ള പരിശീലനം ഈ സമര ക്യാബുകളിൽ നൽകിയിരുന്നു। ഈവിധം ഒരു സമരമുറയെ കോൺഗ്രസ്സ് കാരനായ ആർ।ശങ്കർ ആദ്യമുതൽക്കേ എതിർക്കുക സ്വാഭാവികം।


3


പുന്നപ്ര-വയലാർ ദുരന്തത്തിൽ ആർ.ശങ്കറിന്റെ ദൌത്യ പരാജയം।


അക്രമാസക്തമായ ഒരു കലാപത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന് വ്യക്തമായപ്പോൾ സ്റ്റേറ്റ് കോൺഗ്രസ്സ് നേതാക്കളായ പട്ടം താണുപിള്ളയുടേയും,ആർ।ശങ്കറിന്റേയും സേവനങ്ങളെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് നേത്യുത്വവുമായി സബർക്കം പുലർത്തി,ഗുരുതരമാകുന്ന പ്രതിസന്ധിയെ ഒഴുവാക്കാൻ സർ।സി।പി।,ശ്രമിച്ചു എന്ന് ചരിത്രവസ്തുതകൾ പറയുന്നു। മാത്രമല്ല, ആർ।ശങ്കറിന് ആലപ്പുഴ-ചേർത്തല ഭാഗത്ത് പട്ടത്തിനേക്കാൾ ജനസ്വാധീനമുണ്ടായിരുന്നതിനാൽ, ആർ।ശങ്കർ ഇക്കാര്യത്തിൽ മുൻ കൈ എടുത്തുകാണുന്നു। 1946ഒക്ടോബർ,22 ന് ആർ.ശങ്കർ സമാധാനദൌത്യം സ്വയമേവ ഏറ്റെടുത്തെങ്കിലും തീവ്രവാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അഭിപ്രായത്തിന് മുന്തൂക്കം ലഭിക്കുകയാൽ മദ്ധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ആർ.ശങ്കറിന്റെ തന്നെ വാക്കുകൾ കൂടി കേൾക്കുന്നതു നന്നായിരിക്കും. എസ്സ്.എൻ.ഡി.പി.യോഗത്തിന്റെ നാല്പത്തിരണ്ടാമത് വാർഷിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലെ പ്രസക്തഭാഗം കാണുക!

“॥ഇനി എനിക്കു മുഖ്യമായി പറയാനുള്ളത്, അബലപ്പുഴയിലും, ചേർത്തലയിലും ഈയിടെ നടന്ന നിർഭാഗ്യകരമായ സംഭവങ്ങളെപ്പറ്റിയാണ്। അവിടെ തൊഴിലാളികൾ ആയുധമെടുത്തുകൊണ്ട് ഗവണ്മെന്റിന് എതിരായി സമരം ചെയ്യുവാൻ ഒരുങ്ങുന്നതായും അതിനെ നേരിടാൻ റിസർവ്വ് പൊലീസും,പട്ടാളവും സ്ഥലത്തെത്തിയിരിക്കുന്നതായും മറ്റും അറിവുലഭിച്ചതനുസരിച്ച് യോഗം കൌൺസിലും,ബോർഡും നിയോഗിച്ച സബ്ബ് കമ്മിറ്റി അംഗങ്ങൾ തൊഴിലാളികളെ അവരുടെ ചിന്താശൂന്യമായ സംരംഭത്തിൽ നിന്നു പിൻന്തിരിപ്പിക്കുവാനും, ഒരു സംഘട്ടനം ഒഴിവാക്കാനും ചെയ്ത യഞ്ജത്തെപ്പറ്റി തുലാമാസം പതിമൂന്നാം തീയതി ചേർത്തലയിൽ നിന്നും ഞാൻ പുറപ്പെടുവിച്ചിരുന്ന പ്രസ്താവനയിൽ സാമാന്യമായി പറഞ്ഞിട്ടുണ്ട്। തൊണ്ണൂറ്റഞ്ചു ശതമാനവും ഈഴവരായ തൊഴിലാളികളെ ഈ സമരത്തിനൊരിക്കി നിറുത്തിയ അന്യ സമുദായക്കാരായ മുന്നണി നേതാക്കളെ സമീപിക്കുന്നതുകൊണ്ട് യാതൊരു ഫലവുമില്ലന്ന് ബോദ്ധ്യമായതിനാൽ ഞങ്ങൾ ഈഴവ നേതാക്കളെ നേരിട്ടുകണ്ടു। അവർ മറ്റു ചിലരുടെ താല്പര്യങ്ങൾക്കുവേണ്ടി ഹോമിയ്ക്കപ്പെടാൻ പോകയാണന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു। ഈവിവരം മനസ്സിലാക്കിയ മുന്നണിനേതാക്കൾ അതിനിടയാകുന്നതിന് മുൻപ് തന്നെ ഒരു സംഘട്ടനമുണ്ടാക്കി പുന്നപ്രയിലെ പൊലീസ് ക്യാബ് തൊഴിലാളികളെ വിട്ട് ആക്രമിക്കുകയും, പൊലീസ് ഉദ്ദോഗസ്ഥന്മാരെ കൊലപ്പെടുത്തിക്കുകയും ചെയ്തതു മൂലമാണ്, ഞങ്ങളുടെ സമാധാന ശ്രമങ്ങൾ വിഫലമായി കലാശിച്ചത്”




Wednesday, July 23, 2008

സ്ത്രീ വിവേചനം

സ്ത്രീകൾക്കെതിരെയുള്ള വിവേചനം

രിത്രാതീതകാലം മുതൽ, കുടുബത്തിന്റേയും, സാമൂഹിക സംവിധാനത്തിന്റേയും അടിസ്ഥാന ഘടകമായിരുന്നൂ സ്ത്രീ। വേദേതിഹാസങ്ങളിലും,പുരാണങ്ങളിലും,മറ്റുവ്യത്യസ്ഥ മണ്ഡലങ്ങളിൽ പോലും സ്ത്രീക്ക് നൽകിയിരുന്ന സ്ഥാനവും, സ്തീയുടെ പങ്കാളിത്തവും മറക്കാനാവാത്തതാണ്।

എന്നാൽ മാനവ സംസ്കാരത്തിന്റെ അനുസ്യൂതമായ പുരോഗതിയിൽ, സ്ഥലകാലഭേതമനുസരിച്ച് സ്ത്രീകളുടെ സമൂഹത്തിലെ പദവിക്ക് ഏറ്റക്കുറച്ചിലുകളുണ്ടായി। പുരുഷന്റെ പങ്കാളിയും, ഉറ്റസഖിയും,വംശവർധിനിയുമായിരുന്ന സ്ത്രീ,പിൽകാലത്ത് പുരുഷന്റെ സുഖഭോഗ വസ്തുവും, ഗ്രഹോപകരണവുമായി മാറ്റപ്പെട്ടു। ആധുനിക സമൂഹത്തിൽ ഏറെ ചൂഷണത്തിനും, വിധേയരാകുന്നതും, സ്ത്രീകളും പെൺകുട്ടികളുമാണ്। സ്ത്രീകൾ സാക്ഷരതയിലും / വിദ്യാഭ്യാസത്തിലും മുൻപന്തിയിലാകുന്ന ഈ സംസ്ഥാനത്ത് പോലും, അവർക്കു നേരിടിണ്ടിവരുന്ന പീഡനങ്ങളേയും, ദുഷിച്ച പ്രലോഭനങ്ങളേയും,സ്വാധീനപ്പെടുത്തലുകളേയും ചെറുക്കാൻ കഴിയാതെ പോകുന്നത് നാം നിത്യേന വാർത്താമാധ്യമങ്ങളിലൂടെ അറിയുന്നു। വിദ്യാഭ്യാസമെന്നത് ഇവിടെ പരീക്ഷകൾ പാസാവുകയും, ജോലി കരസ്തമാക്കലും, കല്ല്യാണം കഴിച്ച് കുടുംബജീവിതം നയിക്കലും മാത്രമായിരിക്കുന്നു. പെൺകുട്ടികളെ സംബദ്ധിച്ച് മറ്റുള്ളവർ പറയുന്നത് (പ്രത്യേകിച്ചും,പുരുഷൻ), അനുസരിക്കുകയും, ആയത് പിന്തുടരുന്നതുമാണ് നമുക്കിഷ്ടം. അതുതന്നെയാണ് സന്തോഷകരമായ ഒരു ജീവിതത്തനു എളുപ്പവഴിയെന്ന് (പുരുഷമേധാവിത്വമുള്ള ഒരു സമൂഹത്തിൽ), നാം പെൺകുട്ടികളെ പഠിപ്പിക്കുന്നു।
പകരം അവർ ജീവിക്കുന്ന സമൂഹത്തിലെ തിന്മകളെ തിരിച്ചറിഞ്ഞ്, വേണ്ടിവന്നാൽ ചെറുത്തുകൊണ്ടു തന്നെ ഒരു ജീവിതം നയിക്കാൻ അവരെ സ്വയം പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസം നമുക്കിവിടെ ലഭ്യമാണോ?
ഫലപ്രദമാകാതെ പോകുന്ന ഒരു ഭരണസംവിധാനം,ദിശാബോധമില്ലാത്ത വിദ്യാഭ്യാസരംഗം; ഇവിടെ സ്ത്രീകളും, കുട്ടികളും കൂടുതൽ, കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നതും, അവഗണിക്കപ്പെടുന്നതും സ്വാഭാവികം।

ഒരു രാഷ്ട്രത്തിന്റെ ഇഛയ്ക്ക് (will)രൂപം കൊടുക്കുകയും അതിനെ പ്രകടിപ്പിക്കുകയും ആയത് സാക്ഷാത്കരിക്കുകയും ചെയ്യേണ്ടുന്ന ഏജൻസിയായ സർക്കാർ അശക്തമാകുന്നിടത്ത് (അല്ലെങ്കിൽ പരാജയപ്പെടുന്നിടത്ത്) സമൂഹം ഉണരണം।സമൂഹമാണ് ഏതൊരു രാഷ്ട്രത്തിന്റെയുംപൂർവ്വ വർത്തിയായിരിക്കുന്നതെന്ന സത്യവും നാം ഓർക്കണം। മാത്രമല്ല, ഒരു പൊതു ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചു ചേരുന്ന വ്യക്തികളുടെ കൂട്ടായ്മ കൂടിയാണല്ലോ സമൂഹം।
ഈവിധമുള്ള കൂട്ടായ്മകളിലൂടെ; ഇന്നു നിലവിലുള്ള “സ്ത്രീകളേയും കുട്ടികളേയും സംബദ്ധിക്കുന്ന നിയമങ്ങളുടെ” സാദ്ധ്യതകളും, പരിമിതികളും വ്യാപകമായി ചർച്ചചെയ്യപ്പെടാൻ കഴിഞ്ഞേക്കും। അങ്ങനെ സർക്കാർ ഇതിനകം നിയമനിർമ്മാണ പ്രക്രിയയിലൂടെ നടത്തിയിട്ടുള്ള സ്ത്രീ ശാക്തീകരണ നടപടികൾ ഫലപ്രദമായി തീർക്കാനൊരു ശ്രമം സമൂഹത്തിന്റെ ഭാഗത്തുനിന്നു കൂടി ഉണ്ടാകാതെ വരില്ല!

Sunday, July 20, 2008

പാഠപുസ്തക വിവാദം - എങ്ങോട്ട്?

ഏഴാം ക്ലാസ്സ് പാഠപുസ്തക വിവാദം
(ജൂലായ് 2008)

ഒരു പാഠപുസ്ത്കത്തിന്റെ ഉള്ളടക്കം എങ്ങെനെയാവണം, എങ്ങെനെയാകരുത്, എന്നൊക്കെ ആഴത്തിൽ ചിന്തിക്കാനും,പരിശോധിക്കാനും വിദ്യാസംബന്നരെന്ന് ഊററംകൊള്ളുന്ന കേരളീയർ വൈകിയെങ്കിലും തുടങ്ങിക്കാണുന്നതിൽ സ്ന്തോഷിക്കണം।

കക്ഷിരാഷ്ടീയ തിമിരവും,അന്ധമായ മതഭ്രാന്തും ഗൂണ്ടായിസത്തിന്റെ പിൻബലത്തിൽ പ്രബലപ്പെട്ടു വരുന്ന ഈ സംസ്ഥാനത്ത്; ഏഴാംക്ലാസ്സിലെ പാഠപുസ്ത്കവും വിവാദമായില്ലങ്കിലേ അതിശയിക്കാനുള്ളൂ। ആയതിനെ ചൊല്ലി ഇവിടെ നടക്കുന്ന കോലാഹലങ്ങളിൽ നിന്നും, അല്ലങ്കിൽ അക്രമങ്ങളിൽ നിന്നും എന്താണ് നാം മനസ്സിലാക്കുക?

ഈ ഏഴാം ക്ലാസ്സ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ ഉള്ളടക്കം (അതിൽ കടന്നുകൂടിയ അക്ഷര തെറ്റുകൾക്കും,വ്യാകരണ പിശകുകൾക്കും മാപ്പു കൊടുത്തുകൊണ്ടുതന്നെ),തികച്ചും വളരെ ശ്രദ്ധയോടും,ബുദ്ധികൂർമ്മതയോടും തയ്യാറാക്കിയതു തന്നെയെന്ന് കരുതണം।അതുകൊണ്ട്തന്നെ ഈ പാഠപുസ്തകത്തിലെ തെറ്റുതിരുത്തലല്ല,പകരം പുസ്ത്കം പിൻവലിക്കലാണ് ഭരണാധികാരികളോട് ഒരു വിഭാഗം ആവശ്യപ്പെടുന്നത്।

ഒരു ഇടതുപക്ഷ കമ്മൂണിസ്റ്റ് മന്ത്രിസഭയിലെ, കമ്മൂണിസ്റ്റുകാരൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കുബോൾ, തങ്ങൾ തയ്യാറാക്കുന്ന സാമൂഹ്യ പാഠപുസ്ത്കത്തിന്റെ ഉള്ളടക്കത്തിൽ, തങ്ങൾ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ, അല്ലങ്കിൽ സിദ്ധാന്തത്തിന്റെ അംശങ്ങൾ കടന്നുകൂടുക (കടത്തിവിടുന്നത് എന്നും വാദിക്കാം), തികച്ചും സ്വാഭാവികം।

ഞാനൊരു കമ്മൂണിസ്റ്റുകാരനാണ് അതുകൊണ്ട് എന്റെ വാക്കിലും, എഴുത്തിലും ആയത് പ്രതീക്ഷിക്കണം എന്ന് അവസാന നാളുകളിലെങ്കിലും പറയാൻ നമ്മുടെ കമ്മൂണിസ്റ്റ് ആചാര്യനു കഴിഞ്ഞു। എന്നു കരുതി ആവിധമൊരു ധൈര്യം ഭരണത്തിലിരിക്കുന്ന ഒരു കമ്മൂണിസ്റ്റു മന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നത് ഉചിതമല്ലല്ലോ?

മാത്രമല്ല സാമാന്യം വിവരമുള്ള ഒരു സംസ്ഥാനത്തെ ജനത, തങ്ങൾ തന്നെ സമ്മതിദാനത്തിലൂടെ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഭരണകർത്താക്കളിൽ നിന്നു തന്നെ ഈ വിധം ചില സാമൂഹ്യപാഠങ്ങൾ വൈകിയെങ്കിലും പഠിക്കുന്നത് നല്ലതു തന്നെ।അല്ലെങ്കിൽ തുടർന്നും ഒരു കമ്മൂണിസ്റ്റ് മന്ത്രിസഭയെ തന്നെ ജനം വാഴിക്കുന്ന ചരിത്രപരമായ കീഴ്വഴക്കം നമുക്കില്ലല്ലൊ എന്നും സമാധാനിക്കാം। അതുമില്ലെങ്കിൽ; അധികാരത്തിനുള്ള പുത്തൻ സമവാക്യങ്ങൾ തേടുന്ന വരും നാളുകളിൽ; ഭരണാധികാരികളിൽ നിന്നും നമ്മുടെ കുട്ടികൾക്ക് ഇനിയും എത്രയോ അറിയപ്പെടാത്ത സാമൂഹ്യ ശാസ്ത്ര പാഠങ്ങൾ പഠിക്കാനാകും। ആയതിന് അനിവാര്യമാകുന്ന സംഘട്ടനങ്ങൾക്കും, രക്തചൊരിച്ചിലുകൾക്കും നമുക്കു തയ്യാറാകാം।

അല്ലാതെ ഈ വിഷയത്തിൽ ദീർഘവീക്ഷണമുള്ള ഒരു നടപടി വേണ്ടപ്പെട്ട ആരെങ്കിലും കൈകൊള്ളുമെന്ന് നമുക്കെങ്ങനെ ആശിക്കാം? ദേശീയത ഉൾക്കൊണ്ടൊരു മാത്യകാ പാഠപുസ്തകം ദേശീയതലത്തിൽ എന്നെങ്കിലും ഉണ്ടാകുമോ? പ്രാദേശികതയല്ലാതെ എവിടെയാണിന്ന് ദേശീയത!

രാഷ്ടീയമെന്നാൽ, കക്ഷിരാഷ്ടീയം! മതമെന്നാൽ മതമൌലീകത മാത്രവും! ധാർമ്മീകത മതത്തിനും അന്യമായിരിക്കുന്നു। മതേതരതയെന്നാൽ, മതനിഷേധത്തിലൂടെയോ കൈവരിക്കേണ്ടത്? അതോ മത സൌഹാർദത്തിലൂടെ കൈവരിക്കാനാകുന്നതോ? ആർക്കറിയാം। കേരളത്തിലെ സാംസ്കാരിക നായകന്മാരെ കുറിച്ചു ആലോചിക്കുന്നില്ല। കാരണം, കേരളത്തിലെ എഴുത്തുകാരോടുള്ള പ്രസിദ്ധ ബംഗാളി എഴുത്തുകാരി, മഹാശ്വേതാദേവിയുടെ അഭിപ്രായം തന്നെ നോക്കുക॥

“ ॥കേരളത്തിലെ എഴുത്തുകാരേയും, ഫിലിം മേക്കർമാരേയും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുള്ള ഞങ്ങളൊക്കെ ആരാധിച്ചിരുന്നു.... ആളുകളുടെ പ്രതിഷേധങ്ങൾ കണ്ടിട്ട് ഇവിടെ എഴുത്തുകാരും, കലാകാരൻമാരും മൌനം ഭജിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി॥”

ഇവിടെയിപ്പോ ഏഴാം ക്ലാസ്സ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ അനിവാര്യമായ മാറ്റങ്ങൾ എങ്ങനെ നടക്കുമെന്നു (അല്ലെങ്കിൽ അധികാരികൾ നടത്തുമെന്ന്) മാത്രം ആലോചിക്കാം।

മർക്സിസിസ്ററ് പാതകൾ വിട്ട്, ജനാധിപത്യ സോഷ്യലിസത്തിനോ, ഗാന്ധിയൻ സോഷ്യലിസത്തിനോ നമ്മെ സഹായിക്കാൻ കഴിയുമോ? അങ്ങനെ വേണമല്ലോ ഇവിടെ കാര്യങ്ങൾ ചിന്തിക്കാൻ!

ഗാന്ധിജി എഴുതി, “കമ്മ്യൂ ണിസത്തിന്റെ അടിസ്ഥാന വിശ്വാസം നന്ന്।മലകളോളം പഴക്കമുള്ളതും।”എന്നാൽ അക്രമത്തിലൂടെ മൌലീകവും, ശാശ്വതവുമായ ഒരു മാറ്റവും കൈവരുത്താനാവില്ലന്ന്, അദ്ദേഹം ദ്ര്ഢമായി വിശ്വസിച്ചു। ഈ ഗാന്ധിയൻ സോഷ്യലിസം ഇവിടാർക്കുവേണം?

നമുക്കു നമ്മുടെ നിയമസഭയിലേക്കു പോകാം। അവിടെ നമ്മുടെ തന്നെ ഒരു ജനപ്രതിനിധി കഴിഞ്ഞ ദിവസം പറഞ്ഞതാവാം ഇന്നത്തെ ശരി। അതായിരിക്കാം ജനവിധിയാം, ദൈവവിധി। അതായത്,“ ..ഈ പുതിയ പാഠപുസ്തകം നമ്മുടെ കുട്ടികളെ കുയിലിനെപ്പോലെ പാടാനും, മയിലിനെപോലെ ആടാനും,മുയലിനെപ്പോലെ ഓടാനും പ്രാപ്തരാക്കും॥” (പ്രത്യേകിച്ചും ആ നേതാവിനെയെങ്കിലും)।

അതായത്, നമ്മുടെ കുട്ടികളെ യഥേഷ്ടം കുരങ്ങ് കളിപ്പിക്കാൻ പാകമായികിട്ടുമെന്ന വിശ്വാസം തന്റെ പാർട്ടിക്കെങ്കിലും ഉറപ്പാണന്ന് വ്യക്തമാക്കിയിരിക്കുന്നു। തുടർന്നു മതമൌലീകവാദികൾക്ക് പാഠപുസ്തകത്തിൽ ചിലനീക്കുപോക്കുകൾ വരുത്താനും തയ്യാറാകുന്നു.

എന്താ നമുക്കിനിവേണ്ടത്?



Wednesday, July 16, 2008

അച്ഛനമ്മമാരോട്

അച്ഛനമ്മമാരോട്!
(ശ്രീനാരായണ ഗുരുകുലം)


നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് അരുമകളല്ലേ? അവരുടെ ഭാവിയെപ്പററി നമുക്കു ഉൾക്കണ്ഠയില്ലേ? അവരെ ഇപ്പോൾ നാം ശരിക്കറിയുന്നോ? അവരിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ എന്തൊക്കെയെന്നു നമുക്കറിയുമോ? അവർ ആരായിത്തീരുമെന്നു നമുക്കറിയാമോ?
ഇല്ല എന്നാവും പറയാൻ കഴിയുക!


അവരിലെ വ്യക്തിമാഹാത്മ്യം മുഴുവൻ വികസിച്ചുവരാൻ നമ്മൾ തടസ്സക്കാരാകുന്നെങ്കിൽ ആയത് നാം അവരോടു കാണിക്കുന്ന മഹാപാതകമല്ലെ? അവരിൽ ഉറങ്ങിക്കിടക്കുന്ന നല്ല വാസനകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതും, ദുർവാസനകൾ കണ്ടെത്തി അവയ്ക്കു കടിഞ്ഞാണിടുന്നതും അല്ലേ നമ്മുടെ കർത്തവ്യം?
ഇതു ചെയ്യാതിരിക്കുന്നതു നമ്മൾ മക്കളോടു മാത്രമല്ല മനുഷ്യരാശിയോടു മുഴുവൻ തന്നെ കാണിക്കുന്ന കടുംകൈയ്യാണ്. ഒരച്ഛനും ഒരമ്മയും പരിഹാരമില്ലാത്ത ഈ പാപം ചെയ്യാൻ ഇടവരാതിരിക്കട്ടെ! എന്തന്നാൽ മക്കൾ നമ്മിൽ നിന്നും അകന്നു പോകുന്നതായി കാനുന്നത് എത്രയോ മനോവേദനയുണ്ടാക്കുന്നതാണ്.?

ഈ ആപത്തുകളിൽ നിന്നും നമ്മെ രക്ഷിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:
1
കുഞ്ഞിന് മുലപ്പാൽ തന്നെ കൊടുത്തു വളർത്തുക। മുലപ്പാൽ പൂർണാഹാരം മാത്രമല്ല, അമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളതയും അതിനുണ്ട്। കുപ്പിപ്പാലിൽ സ്നേഹത്തിന്റെ ചൂടില്ല। തീയുടെ ചൂടേ കാണൂ. അമ്മയുടെ സ്നേഹം അമ്മിഞ്ഞപ്പാലിലൂടെ നുകർന്നിട്ടുള്ളവന്റെ ജീവിതത്തിലുടനീളം ആ സ്നേഹത്തിന്റെ തിളക്കം കാണും. ആരോഗ്യപരമായ കാരണങ്ങളാൽ മുലപ്പാൽ കൊടുക്കാൻ കഴിയാതെ വന്നുപോയാൽ,കുപ്പിപ്പാൽ കൊടുക്കുബോൾ കുഞ്ഞിനെ മാറോടണച്ചുകൊള്ളുവാൻ അമ്മമാർ ശ്രദ്ധിക്കുക.
2

കൊച്ചുമക്കളോടൊത്തു കഴിയുവാനും കളിക്കുവാനും അമ്മയും,അച്ഛനും കുറച്ചുസമയമെങ്കിലും ദിവസവും കണ്ടെത്തുക। അവർ നമ്മുടെ സ്നേഹത്തിന്റെ മധുരം അനുഭവിക്കട്ടെ! സ്നേഹം അനുഭവിച്ചിട്ടുള്ളവർക്കല്ലേ, മറ്റുള്ളവരെ സ്നേഹിക്കാനാവൂ?


3


കുഞ്ഞുങ്ങൾക്കാവശ്യമില്ലാത്തതെന്നു തോന്നുന്ന സാധനങ്ങൾ അവർക്ക് വാങ്ങിക്കൊടുക്കാതിരിക്കുക, അവർ എത്ര നിർബന്ധിച്ചാലും। അവരുടെ നിർബന്ധബുദ്ധിയെ പ്രോത്സാഹിപ്പിക്കാതിരിക്കുക।


4


അവർക്കാവശ്യമെന്നു തോന്നുന്ന സാധനങ്ങൾ; അവർ ആവശ്യപ്പെട്ടില്ലെങ്കിൽ‌പ്പോലും വാങ്ങിക്കൊടുക്കുക। നമ്മൾ അതിനു വേണ്ടി പ്രയാസം അനുഭിക്കേണ്ടിവന്നാലും സാരമില്ല। സ്വന്തം ആവശ്യങ്ങളെ കണ്ടറിയുന്ന അച്ഛനോടും അമ്മയോടും മക്കൾ അറിയാതെ മനസ്സ്കൊണ്ട് അടുത്തുപോകും।


5


അറിയാനുള്ള ആകാംക്ഷ കൊണ്ടു കുഞ്ഞുങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നല്കുക। കൂടുതൽ ചിന്തിക്കാനും ചോദ്യം ചോദിക്കാനും അതവരെ ഉത്സാഹിപ്പിക്കും। അങ്ങനെ അവരുടെ അറിവിന്റെ മേഖല വളരും. ഒപ്പം നമ്മോടുള്ള അടുപ്പവും। നമുക്കുത്തരം പറയാൻ കഴിയാത്ത ചോദ്യമാണു ചോദിക്കുന്നതെങ്കിൽ, അതിനുത്തരം പറയാൻ കഴിവുള്ള ഒരാളെ നിർദ്ദേശിച്ചുകൊടുക്കുക।വേണ്ടിവന്നാൽ അയാളുടെ അടുത്തേക്ക് അയക്കുക.


6


നമുക്കുത്തരം പറയാൻ അറപ്പുള്ള ചോദ്യങ്ങൾ, നിഷ്കളങ്കതകൊണ്ട് അവർ ചോദിച്ചെന്നിരിക്കും।അതിനെ അവരുടെ ദുസ്വഭാവമായി കണക്കാക്കരുത് । അറിയാവുന്നിടത്തോളം വ്യക്തമായും, ശാസ്ത്രീയമായും അവർക്കതു പറഞ്ഞുകൊടുക്കണം।അതവരെ നന്നാക്കുകയേ ഉള്ളൂ.



7


ക്രിയാത്മകമായ സർഗ്ഗവൈഭവമുള്ള കുട്ടികൾ സ്വന്തം കഴിവിന്റെ പ്രകടനമെന്ന നിലയിൽ എന്തെങ്കിലും ഉണ്ടാക്കികാണിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കുക.പോരായ്മകളുണ്ടാവാം,അഭിനന്ദിച്ചശേഷം മാത്രം പോരായ്മകൾ ചൂണ്ടിക്കാണിക്കുക.


8


ഉത്സാഹത്തോടുകൂടി മക്കൾ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കുക।മറ്റുതെരക്കുണ്ടെങ്കിലും അതു ഒഴിവാക്കിയിട്ടു കുഞ്ഞിനു കാതു കൊടുക്കുക.ആയതിനെ ഉപദ്രവമായിക്കരുതി നിരുത്സാഹ പ്പെടുത്തരുത്.അതിനു നിങ്ങളിൽ നിന്നുണ്ടാകുന്ന പ്രതികരണം കുഞ്ഞിനിഷ്ടപ്പെടുന്ന തരത്തിലുള്ളതായിരിക്കണം.


9

സദാചാരപരവും നന്മതിന്മകളെ സംബന്ധിച്ചുള്ളതുമായ ഉപദേശങ്ങൾ അവർക്കു കൊടുക്കേണ്ടതില്ല.അച്ഛനമ്മമാരെ കുഞ്ഞുങ്ങൾ കാണുന്നതു ഉപദേഷ്ടാക്കളായിട്ടല്ല.മാതൃകയെ ഉത്തമമായി കണ്ടുകൊണ്ടാണ് അവർ ജീവിക്കാൻ ആഗ്രാഹിക്കുന്നത്.അതാണവരുടെ സഹജവാസന.അതുകൊണ്ട് നല്ലതു മാത്രം ചെയ്തും,തെറ്റുകൾ ചെയ്യാതെയും അവരുടെ മുൻപിൽ ഉത്തമന്മാരായി ജീവിച്ചുകാണിക്കുക.അവർ അതിനെ അനുകരിക്കും.നല്ലവരായി വളരുകയും ചെയ്യും।

10

വേണ്ടത്ര ലാളന കുഞ്ഞിനു ലഭിക്കണം। വേണ്ടതിലധികം ആകുകയുമരുത്। നമ്മുടെ സ്നേഹവും ലാളനയും സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള വ്യക്തിയായി വളരാനുള്ള വഴി തടയുന്നതാവരുത്।

11

കുഞ്ഞുങ്ങളുടെ മുൻപിൽവച്ച് അച്ഛനും അമ്മയും ശണ്ഠകൂടരുത്। ശണ്ഠയുടെ അന്തരീക്ഷത്തിലല്ല,സ്നേഹത്തിന്റേയും,സൌമനസ്യത്തിന്റെയും വിട്ടുവീഴ്ചയുടേയും അന്തരീക്ഷത്തിലാണ് കുഞ്ഞു വളർന്നു വികസിക്കേണ്ടതു। ഏറ്റവും നല്ലത് അച്ഛനമ്മമാർ തമ്മിൽ ഒരിക്കലും ശണ്ഠകൂടാതിരിക്കുന്നതു തന്നെ। വീട്ടുകലഹത്തിന്റെ അന്തരീക്ഷത്തിൽ വളർന്നു വരുന്ന കുഞ്ഞിന്റെ മനസ്സ് എന്നും അസ്വസ്ഥമായിരിക്കും;വളർന്നു കഴിഞ്ഞാലും।

12

അച്ഛനും അമ്മയും തമ്മിലുള്ള തർക്കത്തിൽ സ്വന്തം പക്ഷത്തുനിൽക്കാൻ മകനേയോ, മകളെയോ കൂട്ടുപിടിക്കാതിരിക്കുക। സ്വന്തം തെറ്റിനു കുട്ടികളെ കൂട്ടുപിടിക്കുന്നതിനു പകരം, കുട്ടികൾ കുറ്റമറ്റവരായി വളരാൻ അച്ഛനും,അമ്മയും കൂട്ടുചേരുക.

13

ഒരു കാര്യത്തിനും കുഞ്ഞുങ്ങൾ തമ്മിൽ മത്സരിക്കുന്നതു പ്രോത്സാഹിപ്പിക്കാതിരിക്കുക। മത്സരിക്കുന്നതിനു വേണ്ടിയല്ലല്ലോ ആരും ജീവിക്കുന്നത്? സഹജമായുണ്ടാകുന്ന മത്സരങ്ങളിൽ അവർ തന്നെ തീർപ്പു കൽ‌പ്പിച്ചുകൊള്ളട്ടെ। അതിന്റെ സ്ഥാനത്തു സഹകരിക്കാനും, കൂട്ടുചേർന്നുകാര്യങ്ങൾ ചെയ്യാനുള്ള പ്രോത്സാഹനങ്ങൾ നൽകുക।

14

സ്വന്തം ആശയങ്ങളും, വിശ്വാസങ്ങളും കുഞ്ഞുങ്ങളിൽ കുത്തിച്ചെലുത്താതിരിക്കുക।പകരം സ്വന്തമായി ചിന്തിച്ച് സ്വന്തം ആശയങ്ങളും ആദർശങ്ങളും വളർത്തിയെടുക്കാൻ അവർക്കു ശക്തിയും പ്രേരണയും നൽകുക।നമ്മുടെ മക്കൾ നമ്മെക്കാൾ ഉയർന്നവരാകണ്ടേ? നമുക്കറിയാവുന്നതു തന്നെയാണ് ഏറ്റവും വലിയ അറിവെന്നും,ആദർശമെന്നും നമുക്കു തീർച്ചയുണ്ടോ?

15

ജീവിത രഹസ്യം അറിയാനുള്ള ആകാംക്ഷ ഏതാണ്ട് പത്തു വയസ്സ് മുതൽ കുട്ടികളിൽ കണ്ടു തുടങ്ങും.അതിനെ പ്രോത്സാഹിപ്പിക്കുക.അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കുന്നില്ലെങ്കിൽ അറിവുള്ള മറ്റുള്ളവരുടെ സഹായം തേടാൻ മടിക്കരുത്.കുഞ്ഞുങ്ങളിൽ ഉണരുന്ന ജിജ്ഞാസക്കു വേണ്ടത്ര ശമനം കിട്ടാതിരുന്നാൽ ഭാവിയിൽ ആ ജിജ്ഞാസ മുരടിച്ചു പോകും.അന്തിമമായ ഒരു ഉത്തരം ഇത്തരം ചോദ്യങ്ങൾക്കില്ലന്നുള്ളതും മനസ്സിലാക്കുക.അതുകൊണ്ടു ജിജ്ഞാസ മുരടിപ്പിച്ചു കളയാൻ പാടില്ല।

16

ഒരു ഡോക്ടറോ,എഞ്ചീനിയറോ ആകുന്നതാണ് ജീവിതത്തിലെ വിജയമെന്ന മിഥ്യാബോധം കുട്ടികളിൽ ജനിപ്പിക്കാതിരിക്കുക।അങ്ങെയൊരു ധാരണ കുട്ടിയുടെ മനസ്സിലുറച്ചുപോയന്നിരിക്കട്ടെ। പിന്നെ അതായി തിരുവാൻ സാധിച്ചില്ലെങ്കിൽ ഉണ്ടാകുന്ന നിരാശയുടെ കറുത്ത നിഴൽ ജീവിതാവസാനം വരെ തുടർന്നെന്നു വരും.സ്വന്തവ്യക്തിത്വത്തിനും സ്വഭാവത്തിനും ചേർന്ന ഒരു തൊഴിൽ സ്വയം കണ്ടെത്താൻ കുട്ടികളെ സഹായിക്കുക.

17

കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് അവരോടുള്ള നമ്മുടെ ബന്ധത്തിന്റെ സ്വഭാവവും വളരണം।മക്കൾവളർന്നു കഴിഞ്ഞാൽ അവരെ കൂട്ടുകാരെപ്പോലെ കാണുക।മുതിർന്ന മക്കളോട് ആജ്ഞാപിക്കുന്നതിനു പകരം നിർദ്ദേശങ്ങൾ നൽകുക।നമ്മൾ പറയുന്നതിനെ അവർ വിലയിരുത്തി നോക്കട്ടെ! അവർ വളരുന്നതും ചിന്തിക്കുന്നതും മാതൃകാ യോഗ്യമായിട്ടാണങ്കിൽ നമ്മൾ പറയുന്നതിനെ അംഗീകരിക്കാനെ അവർക്കു സാധിക്കൂ। അപ്പോൾ മക്കൾ കേവലം ആജ്ഞാനുവർത്തി- കളായിരിക്കുകയില്ല।മറിച്ച് , അച്ഛനേയും അമ്മയെയും ആദരിക്കുന്ന സ്നേഹിതരായിരിക്കും, ആരാധകരായിരിക്കും।

18

ദിവസവും സായംസന്ധ്യയ്ക്ക് അച്ഛനും അമ്മയും മക്കളും ഒന്നിച്ചിരുന്നു പ്രാർത്ഥന നടത്തുക....

Sunday, July 13, 2008

വിദ്യാഭ്യാസം എന്തിന്?

വിദ്യാഭ്യാസം പുസ്തക പഠനം മാത്രമല്ല, ചില വസ്തുതകളുടെ മനപ്പാഠമാക്കലും അല്ല। പകരം വിദ്യാഭ്യാസം, എന്നത് പുസ്തകം പറയുന്നത് മനസ്സിലാക്കലും ശ്രദ്ധിച്ച് കേട്ട് ആയത് സത്യമോ, മിഥ്യയോ എന്നെല്ലാം മനനം ചെയ്ത് ഉൾക്കൊള്ളുന്നതാകണം.അതു തന്നെ വിദ്യാഭ്യാസത്തിന്റെ ആദ്യ ഭാഗവും.
ഈ ആദ്യ ഭാഗം പൂർത്തീകരിക്കുന്നതോടെ വിദ്യാഭ്യാസം, പരീക്ഷകൾ പാസ്സാവുകയും ബിരുദങ്ങൾ നേടലും, ഒരു നല്ല ജോലി കരസ്ഥമാക്കലും, കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കലും മാത്രമായി തീരുന്നു, എന്നതാണ് നാം കാണുന്ന സത്യം.
ഇന്ന് മററുള്ളവർ പറയുന്നത് ആവർത്തിക്കുകയും, അവയെ പിന്തുടരുകയുമാണ് നമുക്കിഷ്ടം। കാരണം, അതാണ് ജീവിക്കാൻ ഏററവും എളുപ്പവഴി. ഇവിടെ വിദ്യാഭ്യാസത്തിന് പ്രസക്തിയില്ല. അതു കൊണ്ട് തന്നെയാണ് ബഹുഭൂരിപക്ഷം വരുന്ന കേരളീയർക്ക് എന്ത്പററി എന്ന് ,പലപ്പോഴും നമുക്കു തോന്നാനിടയാകുന്നതും.

ആയതിനാൽ സന്തോഷകരമായ ഒരു ജീവിതത്തിന് ഇതൊന്നും ഇടയാക്കണമെന്നില്ല।
പകരം വിദ്യാഭ്യാസം നമ്മുടെ കുട്ടികൾക്ക്; അവൻ ജീവിക്കുന്ന സമൂഹവും അതിന്റെ സംസ്കാരവുമായി ഇണങ്ങി ചേർന്നു പോകാൻ പ്രാപ്തനാക്കണം.സമൂഹത്തിന്റെ, അല്ലങ്കിൽ നാട്ടിന്റെ ആ ഒഴുക്കിലേക്കുതന്നെ ചെന്നു വീഴലല്ല.പകരം നാം ജീവിക്കുന്ന സമൂഹത്തിലെ നന്മ തിന്മകളെ സ്വയം തിരിച്ചറിഞ്ഞു, നന്മയുടെ പാതയിലേക്കു തന്നെ, വേണ്ടി വന്നാൽ വ്യത്യസ്ഥമായൊരു ജീവിതം നയിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. ആയതിന് ആദ്യന്തികമായി നമ്മുടെ വിദ്യാഭ്യാസത്തിന് കഴിഞ്ഞാൽ മാത്രമേ ; ഒരു അർത്ഥവത്തായ വിദ്യാഭ്യാസം ലഭിച്ചൂ എന്ന് കരുതാനാവൂ.
അങ്ങനെ വരുന്ന തലമുറയിലെ കുട്ടികൾക്ക്, അവർ നേരിടേണ്ടിവരുന്ന എല്ലാ പ്രലോഭനങ്ങളേയും, സ്വാധീനപ്പെടുത്തലുകളേയും, ദുഷിച്ചുവരുന്ന സംസ്കാരത്തിന്റേയും, നാഗരീകതയുടേയും മൃഗീയതകളേയും ചെറുക്കാൻ പററിയ ഒരു വിദ്യാഭ്യാസം നല്കാൻ കഴിയണം. നമ്മുടെ വിദ്യാഭ്യാസം സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യവും അതുതന്നെയാകണം.