Monday, July 28, 2008

വീണപൂവിന് നൂറു വർഷം..

അനശ്വരനായ ആശാനും വിവാദങ്ങളും


ഹാകവി കുമാരനാശാൻ രചിച്ച വീണപൂവ് എന്ന ഖണ്ഡകാവ്യത്തിന് (1907ൽ രചിച്ച) നൂറു വർഷം കഴിയുന്നു. ഈ അവസരത്തിൽ, കവിതകളെ ഏറെ താലോലിച്ചിരുന്ന, ഇന്നും ഉള്ളിന്റെയുള്ളിൽ പ്രിയമായി കൊണ്ടു നടക്കുന്ന ഒരു കൂട്ടം മലയാളികൾ ആശാൻ കവിതകളുടെ, പ്രത്യേകിച്ചും വീണപൂവിന്റെ ലളിതസുന്ദരമായ മഹത്വം ശ്രദ്ധിക്കാതെ വരില്ല।

മലയാള കവിതയിലെ നാഴികക്കല്ലെന്നു വിശേഷിക്കപ്പെടുന്ന വീണപൂവിന്റെ നൂറാം വയസ്സ് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടുവോ? അതിന് നമുക്കിവിടെ കവികളോ, കവിതയെ സ്നേഹിക്കുന്ന ഒരു വിഭാഗമോ ഇല്ലല്ലോ! ഉണ്ടെങ്കിൽ തന്നെ വംശനാശ ഭീഷണിയിലാണന്നു വേണം കരുതാൻ। എങ്കിലും, ഇവിടെ സിനിമാ പാട്ടെഴുത്തുകാരും, ആദ്വാദകരും സജീവമായിരിക്കുന്നു എന്നതിൽ സമാധാനിക്കാം।
അല്ലെങ്കിൽ തന്നെ ആശാൻ കവിതകളെ വേണ്ടവിധം ആദരിക്കാൻ കഴിഞ്ഞ നൂറു വർഷങ്ങളിൽ എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ?। പകരം ആശാൻ കവിതകളെ കുറിച്ചു വിഭിന്നങ്ങളായ കാഴ്ചപ്പാടുകളും, നിലപാടുകളുമായി വളരെ അധികം ലേഖനങ്ങളും,പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്। ആ വിവാദങ്ങളൊക്കെയാണ് സത്യത്തിൽ നാം ഏറെ ശ്രദ്ധിക്കപ്പെട്ടതെന്നു തോന്നുന്നു। ആശാൻ കവിതയിലെ നവോത്ഥാന മൂല്യങ്ങളെ സംബദ്ധിച്ച് ഇതിനകം ഉണ്ടായിട്ടുള്ള (അല്ലെങ്കിൽ ഉണ്ടാക്കിയിട്ടുള്ള) വിവാദങ്ങൾ എന്നെപ്പോളുള്ള വായനക്കാരിൽ അവശേഷിപ്പിക്കുന്ന സംശയങ്ങൾ നിരവധിയാണ്।

ഈ വിധം സംഗമങ്ങളിലൂടെയും, ചർച്ചകളിലൂടെയും ആയതിനൊരു നിവർത്തിയുണ്ടാകുമെങ്കിൽ അങ്ങനെ ആകട്ടെ എന്നു കരുതി ഇവിടെ കുറിക്കുന്നു।ഔപചാരിക വേദികളിലെ പ്രാസംഗികരൊക്കെ മുൻ കൂട്ടി തീരുമാനിച്ചുറച്ച മേഖലകളിലേക്കു മാത്രം, ചർച്ചകളും,പ്രഭാഷണങ്ങളും, ലേഖനങ്ങളും (അവരെ, സംബന്ധിച്ചിടത്തോളം ‘കാടുകയറാതെ’) നയിക്കുന്നതിനാൽ നമ്മുടെ സംശയങ്ങളൊക്കെ എന്നും അതേപടി അവശേഷിക്കുക സ്വാഭാവികം।

1
കുമാരനാശാന്റെ ദുരിതം നിറഞ്ഞ ജീവിതത്തേയും,കാവ്യജീവിതത്തിലെ അതുല്യ സംഭാവനകളേയും; ചേർത്തറിയുന്ന ഒരാൾക്ക് ആശാന്റെ കൃതികൾ ജനകീയമല്ലെന്നും,ബൂർഷ്വാ വിപ്ലവ കവിതകളെന്നും, വിലയിരുത്താനാവുമോ?

2

മലയാള സാഹിത്യത്തിൽ, രണ്ടു ദശാഘട്ടങ്ങൾ ഉണ്ടായിട്ടുള്ളതിൽ; ആശാൻ ഉൾപ്പെടുന്ന താണ ജാതിക്കാർ ഉയർന്നുവന്ന രണ്ടാം ഘട്ടത്തിൽ പോലും,“ജന്മി-മുതലാളി മർദ്ദനത്തിൽ ചൂഷിതരായ തൊഴിലാളി കർഷക ബഹുജനങ്ങളിൽ; സാഹിത്യാസ്വാദകരോ, രചയിതാക്കളോ ഉണ്ടായിട്ടില്ല എന്ന കണ്ടെത്തൽ, വസ്തുതാപരമായിരുന്നുവോ?

3

മാത്രമല്ല, ആശാന് ശേഷമാണ് തൊഴിലാളിവർഗ്ഗം കേരളത്തിൽ രാഷ്ടീയത്തിലും,സാഹിത്യത്തിലും സംഘടിത ശക്തിയായത് എന്ന വാദഗതി ഇനിയും നിലനിൽക്കുന്നതാണോ?

4

ആശാൻ അടക്കം, കേരളത്തിൽ എല്ലാവരുടേയും ദൃഷ്ടിയിൽ സ്വപ്നമായിരുന്ന മിശ്രവിവാഹം, സാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ച കൃതിയാണ്,“ദുരവസ്ഥ”। മിശ്രവിവാഹം കഴിക്കുന്നവരുടെ പിന്നീടുള്ള ജീവിത ഭദ്രതയിൽ പോലും ആശാൻ ശ്രദ്ധിച്ചിരുന്നതായി, “ദുരവസ്ഥ”യിലെ സാവിത്രി തന്റെ പഴയ ജീവിത പാരബര്യമാകെ ഉപേക്ഷിച്ച്, ഒരു കർഷകതൊഴിലാളി സ്ത്രീയായി സ്വയം മാറുന്നതിന്റെ കാഴ്ചയിലൂടെ മനസ്സിലാക്കാൻ കഴിയും। ആ നിലയ്ക്ക്, ആശാന്റെ “ദുരവസ്ഥ’,യെ ഒരു മിശ്രവിവാഹ കവിത മാത്രമായി കാണാൻ കഴിയുമോ?


5

ആശാൻ, “ദുരവസ്ഥ, എഴുതിയപ്പോഴും, അതുമായി വൈകാരികമായി യോജിക്കുവാൻ കഴിഞ്ഞെങ്കിലും, ബുദ്ധിപരമായി യോജിക്കുവാൻ അദ്ദേഹത്തിന്റെ പഠിപ്പും,പരിശീലനവും എതിരുനിന്നു”, എന്ന ആരോപണം കാവ്യരചനയിൽ നിലനിൽക്കുന്ന താണോ? കവിയുടെ വികാരം ഒരു വഴിക്കും, ബുദ്ധി എതിർ വഴിക്കും സഞ്ചരിക്കുക സംഭാവ്യമാണോ?

6

“ചിന്താവിഷ്ടയായ സീത്’ യിൽ നമ്മെ ആകർഷിക്കുന്നത്, സീതയെ ചിന്താവിഷ്ടയാക്കുന്ന, ‘കുശ-ലവൻ’ ന്മാരും, വാല്മീകിയുമില്ലാത്ത ആശ്രമസന്ധ്യയും ഉദ്ദീപ്തമാക്കുന്ന ഭാവ പരബരയാണോ?। അതോ, വിപ്ലവത്തിന്റെ പക്ഷത്തു ചേർന്ന് രാജവാഴ്ചക്കെതിരായി പടവാളുയർത്തുന്ന സീതയെയോ?

7

ഇൻഡ്യയുടെ സ്വാതന്ത്രത്തിനും,പുരോഗതിക്കും മുൻപിലുള്ള നിർണ്ണായക പ്രതിബന്ധം, ജാതി വ്യവസ്ഥയാണന്ന് മാർക്സിന്റെ പക്ഷം। എന്നാൽ ഈ നിർണായക പ്രതിബന്ധത്തിനെതിരായി സമര കാഹളം മുഴക്കിയ മഹാകവി കുമാരനാശാനെയെന്തേ സ്വാതന്ത്ര്യ വിരോധിയായി ചിലർ വിലയിരുത്തി।

1908ൽ ആശാൻ എഴുതിയ ഒരു പദ്യത്തെ ചൊല്ലിയായിരുന്നല്ലോ,മുഖ്യമായും ഈ വിധിയെഴുത്ത്!

“എന്തിനു ഭാരതധരേ കരയുന്നു

പാരതന്ത്രം നിനക്ക്,വിധികല്പിത മാണു തയേ!

ചിന്തിക്ക ജാതി മദിരാന്ധരടിച്ചു

തമ്മിലന്തപ്പെടും തനയർ,എന്തിനയേ സ്വരാജ്യം”

[ഒരു തീയകുട്ടിയുടെ വിചാരം]

ആശാന്റെ ഈ വരികളിൽ അടങ്ങിയിരിക്കുന്ന അദമ്യമായ ജാതി വിരോധവും, സ്വാതന്ത്ര്യത്തിന് തടസ്സമായി അന്നു നിലനിന്നിരുന്ന ജാതി കലഹങ്ങളും ഓർത്തു ദുഖിക്കുന്ന ആ പദ്യം സ്വാതന്ത്ര്യ വിരോധിയായ ആശാനെയാണോ വെളിവാക്കുന്നതു?

8

തന്റെ പരമസ്വാതന്ത്ര്യം ഇങ്ങനെ തുറന്നെഴുതിയ ആശാൻ:

“സ്വാതന്ത്ര്യം തന്നെ യമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികൾക്കു, മൃതിയേക്കാൾ ഭയാനകം”

പിന്നീടെന്തുകൊണ്ട് സ്വന്തം കൃതികളിൽ അന്നത്തെ രാഷ്ടീയാവസ്ഥയെ ഒഴിവാക്കി? സ്വാതന്ത്ര സമര പ്രസ്ഥാനത്തോടോ അതിലെ അമരക്കാരായ മഹാത്മാക്കളോടോ ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ഉതകുന്നതൊന്നും എന്തേ ആശാൻ എഴുതിയില്ല? വിദേശാധിപത്യത്തിലാണ്ട ഭാരതീയാവസ്ഥയെ പശ്ചാത്തലമാക്കി ഒരു കൃതിയെങ്കിലും എന്തേ എഴുതിയില്ല?

9

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതിന് ശേഷം,വെയിത്സ് രാജകുമാരന്റെ കൈയ്യിൽ നിന്നും,ആശാൻ എന്തുകൊണ്ട് പട്ടും വളയും സ്വീകരിച്ചു?

10

1913ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായതു കൊണ്ടു, ദൈനംദിന രാഷ്ടീയകാര്യങ്ങളിൽ ആശാന്, താല്പര്യമില്ലായിരുന്നു എന്ന് വിശ്വസിക്കണമോ?

11

യുക്തിയും,പ്രധിക്ഷേധവും ഉൾക്കൊണ്ട ഒരു റാഷണലിസ്റ്റായ ‘ദേശീയനവോത്ഥാന നായകന്റെ’ സഫലമായൊരു പ്രതിഫലനം തന്നെയല്ലേ കവിയെന്ന നിലയിലും, ആശാന്റെ ദ്വമുഖ പ്രവർത്തനങ്ങളിൽ കാണാൻ കഴിയുക?

അതായത്;-ജാതി വിവേചനഫലമായ,സാമൂഹ്യ വൈകൃതങ്ങളെ തന്റെ ലഘുഗീതികളിലും, ഖണ്ഡകാവ്യങ്ങളിലൂടെയും(ഒരു പാട്ട്, സിംഹനാദം,ഒരുൽബോധനം, ദുരവസ്ഥ,ചണ്ഡാലഭിക്ഷുകി) നിശിതമായി വിമർശിക്കുന്നതിലൂടെ;

-വീണപൂവിലെ ആദ്ധ്യാന്മികതയിലൂന്നിയ ആ സ്നേഹദർശനത്തിലൂടെ, ‘സ്നേഹമാണഖിലസാര- മൂഴിയിൽ’ എന്ന മഹത് വാക്യങ്ങളിലെ ദർശനം വെളിവാക്കിതരുന്നതിലൂടെ;

-‘ചിന്താവിഷ്ടയായ സീത’ യിലൂടെ, സ്ത്രീയുടെ ‘സ്വാതന്ത്യ-വ്യക്തിത്വങ്ങളെ’ തടയുന്നതിന് പുരുഷന് സഹായകമാകുന്ന രാജനീതികളും, സ്മൃതികളും ധർമ്മ സംഹിതകളാകുന്നതിനെ ആശാൻ നിശിതമായി വിമർശിക്കുന്നതിലൂടെയൊക്കെ!

12

രാഷ്ടീയ സ്വാതന്ത്ര്യ സമരത്തിലല്ല, സാമൂഹിക പരിഷ്കരണത്തിനാണ് ആശാൻ പ്രാധാന്യം നൽകിയത് എന്നു കരുതുന്നതല്ലേ കൂടുതൽ ശരി? കവിതകളിൽകൂടിയും അതിലേറെ “വിവേകോദയം’, ‘മിദവാദി’, ‘പ്രതിഭ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കൂടിയും, പ്രജാസഭയിലെ പ്രസംഗങ്ങളിൽ കൂടിയും തന്റെ മൂർച്ചയുള്ള യുക്തിയുടെ ഭാഷ ഉപയോഗിച്ച് സാമൂഹ്യ അനാചാര്യങ്ങൾക്കെതിരേയും, സർക്കാറിന്റെ ദൂഷിത നയങ്ങൾക്കെതിരേയും ആശാൻ പൊരുതിയെന്ന് കാണരുതോ?

13

കവിത്രയത്തിൽ, ആശാന്റെയും,ഉള്ളൂരിന്റെയും കാവ്യസൃഷ്ടികൾ മാർക്സിസത്തിൽ നിന്നും വളരെദൂരം സ്ഥിതിചെയ്യുന്നുവെന്നും; വള്ളത്തോൾ അടിമുതൽ മുടിവരെ ഗാന്ധിഭക്തനായിരുന്നു എന്നും വിശ്വസിക്കണമോ?

14

പ്രതിഭാശാലികളായ കലാ-സാഹിത്യകാരന്മാരെ ലഭിക്കാൻ, ജന്മസിദ്ധമായ വാസനയോടു, പരിശ്രമ ലബ്ധമായമായ പലതും ചേരണം.പോരാ അനുകൂല സാഹചര്യം കൂടി ലഭിക്കണം എന്നിരിയ്ക്കേ; അന്ന് നിലനിന്ന അത്യധികം സങ്കീർണ്ണതയുള്ള ജാതിവ്യവസ്ഥ സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ ആശാൻ എങ്ങനെ അതിജീവിച്ചു? ഒരു മഹാകാവ്യവുമെഴുതാതെ എങ്ങനെ മഹാകവിയായി?

15

സാഹിത്യ കലാരംഗങ്ങളിൽ ജാതീയതയും, വർഗ്ഗീയതയും ഇപ്പോൾ ഗണ്യമായ ഒരു വിപത്തായി കഴിഞ്ഞിട്ടില്ലങ്കിലും, വിപൽ സാധ്യത അപ്പാടെ നിഷേധിക്കുന്നത് ബുദ്ധിപൂർവകമായിരിക്കുമോ? ഇന്നും, മതവും ജാതിയും തീർക്കുന്ന മതിൽക്കെട്ടുകളാണ് ഭാരതത്തിന്റെ സ്വച്ഛതയ്ക്കും, പുരോഗതിക്കും ഉള്ളതടസ്സം എന്ന് സമീപകാല സംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നില്ലേ?

No comments: