Monday, August 31, 2015

നാളെ..

ഈ ജീവിതത്തില്‍ എല്ലാ സംഭവങ്ങളുടേയും ശരിയും, തെറ്റും കണ്ടെത്താന്‍ കഴിയാതെ പോകും. അവസാനം ആ ശ്രമം ഉപേക്ഷിക്കുന്നു...

മാറ്റങ്ങള്‍ പെട്ടെന്നു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനസ്സാണ് . നമ്മുടെ കുടുംബബന്ധങ്ങളെല്ലാം ഇത്തരം ഒരു അവസ്ഥ സൃഷ്ടിച്ചു. ഉപഭോഗവസ്തു ക്കളുടെകാര്യത്തില്‍ പോലും നാം ഏറ്റവും പുതിയത്  ഇഷ്ടപ്പെടുകയും, വാങ്ങുകയും; എന്നാല്‍ ഏറ്റവും പഴയ ആശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യും.
നമ്മുടെ മനസ്സ്  കാലത്തിന്റ്റെ ആയിര കണക്കിനു ഇന്നലെകളുടെ തുടര്ച്ചയാകാം. അറിഞ്ഞതിലധിഷ്ടിതമായ ആ മനസ്സ് അറിഞ്ഞതിന്‍റ്റെ തുടര്‍ച്ഛ മാത്രം.   

നമ്മുടെയൊക്കെ മനസ്സ് ; നാം നേടിയ വിദ്യാഭ്യാസത്തിന്ടെയും, സംസ്കാരത്തിന്‍ടെയും, അറിവിന്‍ടെയും ഒക്കെ ഫലമാകാം. അതുകൊണ്ടുട്  അതു കാലത്തിന്‍ടെ ഉല്‍പ്പന്നമാകുന്നു. മാത്രമല്ല ശീലവിധേയവും, പരിമിതവും ആകുന്നു..
ആ മനസ്സ് കൊണ്ടാണ് നാം അറിയാത്തതിനെ കണ്ടുപിടിക്കാന്‍, മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.. ശരി, തെറ്റുകള്‍ നിര്‍ണയിക്കുച്ചുന്നതും.
ഈ ജീവിതത്തില്‍ എന്താണു നമുക്ക് ചെയ്യുവാനുള്ളതു? അതില്‍ ജീവിതം ജീവിച്ചു തീര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണു എന്നു കരുതുക വയ്യ. ജീവിതത്തിന്‍ടെ ചര്യകളില്‍ സ്നേഹത്തിന്റെ ധര്മ്മം ഒന്നു മാത്രമേയുള്ളൂ. 


Tuesday, November 11, 2008

ഏറി വരുന്ന ജാത്യാഭിമാനം

വഴിവിട്ട ജാതി മത ചിന്തകള്‍...
പത്തു പതിന്നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതുപോലൊരു നവംബര്‍ മാസത്തില്‍ ഇടുക്കിജില്ലയിലെ ചെറുതോണിയിലുളള കെ.എസ്സ്.ഇ.ബി.കോളനിയില്‍ താമസിക്കുന്ന കാലത്ത് കുത്തികുറിച്ച “മതമൌലിക വാദ”ത്തിന്റെ ചുവടുപിടിച്ച് വീണ്ടും ചിലത് കുറിച്ചു വയ്ക്കുന്നു. അന്ന്, പ്രിയമുള്ള പത്രാധിപര്‍; എന്നാണ് എന്റെ കുറുപ്പടിയുടെ സംബോധനയെങ്കില്‍ ഇന്നതിന്റെ ആവശ്യം ഇല്ലാതായിരിക്കുന്നു.കാരണം ഇതെന്റെ മലയാളം ബ്ലോഗില്‍ സുരക്ഷിതമായി കുറച്ചുകാലമെങ്കിലും ഉണ്ടാവുമെന്നതുതന്നെ!

പത്രങ്ങളില്‍ മതമൌലികവാദത്തിന്റെ ചൂട് ഒന്നുതണുത്തിരിക്കേ ആവണം അന്നാകുറിപ്പെഴുതിവച്ചത്. എങ്കിലും,മനുഷ്യമനസ്സുകളില്‍ പ്രത്യേകിച്ചും;ഇന്‍ഡ്യയേയും,മഹാത്മജിയേയും സ്നേഹിക്കുന്ന, കേരളത്തേയും ശ്രീനാരായണഗുരുവിനേയും സ്നേഹിക്കുന്ന, മനുഷ്യ മനസ്സുകളില്‍ മതമൌലിക വാദികള്‍ അന്നും ഉണ്ടാക്കിയിരുന്ന വൃണം ഇന്നും ഉണങ്ങിയിട്ടില്ല.അതുകൊണ്ടുതന്നെയാവാം ഇതിന്നിടെ അന്നു മറിച്ചുനോക്കിയ ബുക്കുകളില്‍ നിന്നും; ഇ.എം.എസ്സ് ന്റേയും,ശ്രീനാരായണഗുരുവിന്റേയും, (മനസ്സില്‍ ഇനിയും തങ്ങിനില്‍ക്കുന്ന) താഴെ പറയുന്ന വാക്കുകള്‍ കുറിച്ചിട്ടത്. ഇവിട മൌലികവാദം മതത്തില്‍ നിന്നും ആഴത്തിലേക്ക്; അതായത് ജാതിയിലേക്ക് തിരിയുന്നു എന്നുമാത്രം.

എന്തുകൊണ്ടാവും ഇ.എം.സ്സ്. “വേദങ്ങളുടെ നാട്” എന്ന പുസ്തകത്തില്‍ ഈ വിധം എഴുതിയത് ?

“...രണ്ടു മൂന്ന് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന പിന്നോക്കാവസ്ഥയില്‍ നിന്നും ഇന്‍ഡ്യയെ പുരോഗമിപ്പിക്കാന്‍ സഹായിച്ചത്, വര്‍ണ്ണ(ജാതി) വ്യവസ്ഥയുടെ ഉദ്ഭവമാണ്. സാമ്പത്തികവും സാസ്കാരികവുമായ രംഗങ്ങളില്‍ അതേവരെ നടന്നിട്ടില്ലാത്ത അഭിവൃ‍ദ്ധി, വര്‍ണ്ണ(ജാതി) വ്യവസ്ഥയ്ക്കു കീഴില്‍ കൈവന്നു എന്നത് അനിഷേധ്യമായ സത്യമാണ്...”

ഇവിടെ കൈവന്നു എന്നുപറയുന്ന, സാമ്പത്തികവും,സാസ്കാരികവുമായ പുരോഗതി ആര്‍ക്കാണ് ഉണ്ടായത്? എങ്ങനെ? വര്‍ണ്ണ (ജാതി) വ്യവസ്ഥ ആയതിന് ഏതുവിധം സഹായകമായി എന്നു ധരിക്കണം! അല്ലെങ്കില്‍ ആ സത്യങ്ങളൊക്കെ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു!

ശ്രീനാരായണ ഗുരു എന്തേ (1092ME) ആലുവായില്‍ വച്ചുനടന്ന ഒരു യോഗത്തില്‍ ഈ വിധം പറഞ്ഞു?

"...ജാതികൊണ്ട് ഒരു ഗുണവും ഇല്ല.അത് മനുഷ്യരുടെ സ്വാതന്ത്യം തടുക്കുന്നു.ബുദ്ധി നശിപ്പിക്കുന്നു. സ്വാതന്ത്യവും,ബുദ്ധിയും ഇല്ലാതെ തൊഴില്‍ എങ്ങനെ നന്നാവും...”

ശ്രീനാരായണഗുരു ആകട്ടെ, ചട്ടന്വിസ്വാമികളാവട്ടെ; അവര്‍ ഹിന്ദുപുരോഹിതര്‍ പടുത്തുയര്‍ത്തിയ (ഇതിഹാസ പുരാണങ്ങളിലൂടെ) മതത്തിന്റെ തന്നെ സൃഷ്ടികളായ ചാതുര്‍വര്‍ണ്ണ്യത്തിനും, ജാതിവ്യവസ്ഥകള്‍ക്കും എതിരെ എന്നും കലഹിച്ചുപോന്ന ൠഷിമാരായിരുന്നു, എന്നു കാണാം.
ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയാല്‍ ഏറേക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനസമൂഹത്തെ മനുഷ്യരാക്കി,മനുഷ്യസമൂഹത്തോടൊപ്പം നില്‍ക്കാന്‍ ശക്തിയും,ധൈര്യവും പകര്‍ന്ന ആ ഗുരുവിനു തന്നെ താന്‍ രൂപം കൊടുത്ത എസ്സ്।എന്‍।ഡി।പി।യോഗത്തോട് കലഹിച്ച് (പിണങ്ങി) പിരിയേണ്ടിവന്നു. യോഗം അംഗങ്ങളില്‍ തന്നെ ഏറിവരുന്ന ജാത്യാഭിമാനത്തിലും, നഷ്ടമാകുന്ന ലക്ഷ്യബോധത്തിലും ദുഖിതനായ ഗുരുവിന് അന്ന് താന്‍ രൂപംകൊടുത്ത എസ്സ്.എന്‍.ഡി.പി.‍യോഗം വിട്ടുപോകേണ്ടിവന്നതും ഇനിയും നമ്മെ ചിന്തിപ്പിക്കുന്നില്ല? മാത്രമല്ല തുടര്‍ന്നു എസ്സ്.എന്‍.ഡി.പി.യോഗത്തിന് നല്‍കിയ സ്വത്തുക്കളില്‍ ചിലതു തിരിച്ചെടുത്തുകൊണ്ടുള്ള വില്പത്രംവരെ ഗുരുവിന് തയ്യാറാക്കേണ്ടിവന്നു. അങ്ങനെ ഗുരുവിനെ എസ്സ്.എന്‍.ഡി.പി.യോഗത്തിന് കോടതി വ്യവഹാരങ്ങളിലേക്കു കൂടി വലിച്ചിഴയ്ക്കാന്‍ കഴിഞ്ഞത് നാണക്കേടാകയാല്‍ മറക്കാന്‍ ശ്രമിക്കാം.
പകരം ഗുരുശാപ മോക്ഷത്തിനായി, ഗുരുകൃപയാല്‍ നമുക്കുലഭ്യമായ (കൂടുതല്‍ നല്ലതും,ചീത്തുമായ വഴികളിലൂടെ) ഭൌതിക വസ്തുക്കളുടെ ഒരു പങ്ക് സംഭാവനയായി നല്‍കാം. കുററബോധം തീരുവോളം ദൈവദശകം ചൊല്ലാം. ശാന്തി മന്ത്രവും.

ഗീതാജ്ഞലിയുടെ നാട്ടില്‍ നിന്നും ജാത്യാഭിമാനബോധത്തിന്റെ നവഗീതങ്ങള്‍:

ഈ അടുത്ത് ഒരു ബംഗാളി കമ്മ്യൂണിസ്ററ് മന്ത്രി പറഞ്ഞത് കേട്ട് കക്ഷിരാഷ്ടീയ പ്രബുദ്ധത പോരാത്ത ഒരു വിഭാഗം ഭാരതീയര്‍ ഞെട്ടി! അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക।

“... ഞാന്‍ ഒന്നാമതായി ഒരു ബ്രാഹ്മണനും, രണ്ടാമതായി ഒരു ഹിന്ദുവും, മൂന്നാമതായി ഒരു കമ്മ്യൂണിസ്ററുമാണ്...”

ഇന്‍ഡ്യ എന്ന മതേതര രാജ്യത്തിലെ, അച്ചടക്കമുള്ള ഒരേയൊരു വിപ്ലവപാര്‍ട്ടി രണ്ടു ദശാബ്ദക്കാലത്തിലേറേ ആയി ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെ മന്ത്രിയുടെ തന്നെ മനസ്സിലിരിപ്പ്, ഈ വാക്കുകളിലൂടെ നമ്മുക്കു കാണാം. മനസ്സിനെ നിയന്ത്രിക്കാനറിയാവുന്ന മററ് ആനേകം ബുദ്ധിമതികളുടെ വായില്‍ നിന്നും നമുക്കിത് പരസ്യമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലന്നു മാത്രം.

അധികാരത്തിന്റെ ഇടനാഴികളിലെ ജാതിമത വാഴ്ചകള്‍ കേരളത്തില്‍ :

ഇനി നമുക്ക് അധികാരത്തിന്റെ ഇടനാഴികളിലൂടെ ജീവിതത്തിന്റെ നല്ലൊരു സമയവും കഴിഞ്ഞ്, ജീവനോടെ പുറത്തു വന്നതില്‍ ആശ്വാസം കാണുന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ വാക്കുകള്‍ കൂടി കേള്‍ക്കാം- ഈ വിഷയത്തില്‍;

“കേരളത്തില്‍ ജാതിയില്ലന്നു പറയുന്നത് വെറും ഭംഗിവാക്കാണന്നും,കേരള സമൂഹത്തില്‍ ഇന്ന്‍ ജാതി കൊടികുത്തി വാഴുകയാണന്നും, രാഷ്ടീയ പാര്‍ട്ടികളില്‍പ്പോലും ജാതിചിന്തയു‍ണ്ടെന്നും, ആയത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്വോള്‍ തന്നെ ജാതിയാണ് ഏക മാനദണ്ഢമെന്നും;മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. ടി.എന്‍. ജയചന്ദ്രന്‍ ഈ അടുത്ത ദിവസം പറയുകയുണ്ടായി”
ഈ അനാരോഗ്യകരമായ ജാത്യാഭിമാന പ്രവണതയ്ക്കെതിരെ എങ്ങനെ പ്രതികരിക്കണം?
വളര്‍ന്നു വരുന്ന ഈ ജാത്യാഭിമാനബോധം നല്ലതിനോ? ബുദ്ധിപൂര്‍വ്വം അവഗണിച്ച് ആയതിനെ ഞാനും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമോ? ഞാനിവിടെ ‘കേരള കൌമുദി’ പത്രാധിപരായിരുന്ന ശ്രീ. കെ.സുകുമാരന്‍ എനിക്കു തന്നൊരു ഉപദേശം ഓര്‍ക്കുന്നു, സ്വീകരിക്കുന്നു. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ തലപൊക്കിയിരുന്ന നക്സലിസത്തിനെതിരെ അന്ന് പ്രതികരിച്ചുകൊണ്ട് എഴുതിയ എന്റെ ലേഖനത്തിനു തന്ന മറുപടി കത്ത് ഇവിടെയും ഞാനിന്ന് ആശ്വാസമായി കാണുന്നു. ആ മറുപടി കുറിപ്പിലെ വാക്കുകള്‍ ശ്രദ്ധിക്കുക.

“...ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരണം നല്‍കി പ്രക്ഷോഭണം സംഘടിപ്പിക്കാന്‍ കാലം പക്വമായി എന്ന് തോന്നുന്നില്ല.കുറേ കൂടി ഇതു നടക്കണം.മനുഷ്യമനസ്സാക്ഷി ക്ഷോഭിച്ചിളകണം. പ്രചാരണത്തെക്കാള്‍ അനുഭവങ്ങളാണ് മനസ്സാക്ഷിക്ക് പ്രചോദനം നല്‍കേണ്ടത്. അതുകൊണ്ടാണ് കാലം പക്വമായില്ല എന്ന് പറഞ്ഞത്...”
അതെ കാത്തിരിക്കാം... ആഗ്രഹിക്കാം...നല്ലത് തന്നെ പ്രതീക്ഷിക്കാം...ആയതിന് പ്രാര്‍ത്ഥിക്കാം...വരുന്ന തലമുറയ്ക്കുവേണ്ടി ഒരു മതേതര ഇന്‍ഡ്യ സ്വപ്നം കാണാം...



Monday, August 11, 2008

ഞാൻ പഠിച്ച പാഠങ്ങൾ

ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ..

ഈ വിധി നിയതമായ ജീവിത മാർഗ്ഗത്തിലൂടെ സ്വന്തമായ ധർമ്മബോധം അനുസരിച്ചും ഇച്ഛാശക്തി അനുസരിച്ചും ഒരു ജീവിതം…എല്ലാററിനേയും വഹിച്ചുകൊണ്ടുള്ള കാലത്തിന്റെ ഒഴുക്കിൽ എന്റെയും, ജീവിതത്തിൽ നല്ലതും ചീത്തയും ഉണ്ടായി…
അന്നൊക്കെ ഈ ജീവിതത്തിൽ ഇനിയും വളരെ ഏറെ (കടമകൾ) ചെയ്യാനുണ്ടെന്ന തോന്നൽ, അതിനൊക്കെ ധൈര്യമായി ഏറേ ഒന്നും നഷ്ടപ്പെടാനില്ലന്ന വിചാരവും…
അങ്ങനെ എന്റെ നിയത കർമ്മത്തിന്റെ വേദനയിലും ലഹരിയിലും മയങ്ങിയ ഈ ജീവിതം എന്നെ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നു…എന്താണു ഈ ജീവിതത്തിൽ ധന്യമായിട്ടുളളത്..? ഒരു പക്ഷെ അത് നമ്മെ സ്നേഹിക്കുന്ന വസ്തുവിന്റെ ശ്രേയസ്സിൽ മാത്രം ഒതുങ്ങിയുളള ഒരു ജീവിതമോ !…

ജീവിത മോഹങ്ങൾ അല്ലെങ്കിൽ ആഗ്രഹങ്ങൾ…
ജീവിത സങ്കല്പങ്ങളുടെ തകർചയാണ് കൂടുതൽ വേദനാജനകം എന്നു ഞാനും അറിഞ്ഞു… ആയതിനെ ഇടയ്ക്ക് വച്ച് പൊടുന്നനേ തടസ്സപ്പെടുന്ന ഒരു ഇഷ്ട സംഗീതത്തിന്റെ തടസ്സം മാത്രമാക്കി കാണാനുളള കഴിവാണ് അല്ലെങ്കിൽ മാററാനുളള ശ്രമമാണ് വേണ്ടതെന്നു തോന്നുന്നു.ആഗ്രഹം ജീവിതത്തിന്റെ നിഴൽ അല്ലന്നും, ജീവിതം ആഗ്രഹത്തിന്റെ നിഴലാണന്നും തോന്നിപ്പോകുന്നതാകാം കാരണം….!

ഏകാന്തതയെ പ്രണയം…
ഏകാന്തതയെ പരാശ്രയമില്ലാതെ തീററിപോററാൻ കഴിയുമോ എന്ന പരിശ്രമത്തിലാണ് ഞാൻ..? വളരെ ശ്രമകരമായ ഒന്നാണത് എന്ന്, എനിക്കും തോന്നിതുടങ്ങിയിരിക്കുന്നു. പരിശ്രമം തുടങ്ങിയിട്ടേ ഉള്ളൂ ഒന്നും തീർത്തു പറയാറായിട്ടില്ല. ഇക്കാര്യത്തിൽ ഒരു ആത്മ പരിശോധനയ്ക്കുള്ള കുറഞ്ഞ കാലയളവുകൂടി ആയിട്ടില്ല എന്നതുതന്നെ കാരണം.ഏകാന്തതയെ വേണ്ടി വന്നാൽ സ്വയം മേഞ്ഞു നടക്കാൻ അനുവദിച്ചാലെന്താ എന്ന വിചാരത്തിലാണു ഞാനും…കാരണം ആ ഏകാന്തതയിൽ മനസ്സ് ശാന്തമാകുന്നു. മനസ്സ് സ്വസ്ഥമായാലേ പ്രാണൻ സന്തോഷിക്കുകയുള്ളു, അപ്പോഴേ ജീവിതം സുഖപൂർണമാകൂ എന്നാണല്ലോ പ്രമാണം.ഏകാന്തതയുടെ പർണശാലയിലൊതുങ്ങാനും ആത്മബലവും, ആത്മശുദ്ധിയും നേടാനും ഇനിയെങ്കിലും ഒരു (പാഴ് ശ്രമം !) ശ്രമമായാലോ?
മററാരുമില്ലാത്ത ഒരു ലോകത്തെ ഏകാന്തതയല്ല, ആൾക്കൂട്ടത്തിൽ തനിയേയുള്ളൊരു ഏകാന്തത, അതാണെനിക്കുപ്രിയം। കാരണം ഇവിടെ ജീവിതത്തിൽ പാരസ്പര്യം ഇല്ല, മത്സരം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ എന്നും ഞാൻ ഒച്ചപ്പാടുകളിൽ നിന്നും അല്പ- നേരമെങ്കിലും ഒഴിഞ്ഞിരിക്കാനുള്ള അവസരം; വീട്ടിലും, പുറത്തും എന്നും ഞാൻ കണ്ടെത്തിയിരുന്നു.

ആരും, ആരെയും ഭരിക്കാതെയും, സ്വന്തമാക്കാതെയും, തൊട്ടുരുമ്മിയില്ലങ്കിലും, അധികം അകലത്തല്ലാതെയിരുന്നു ലഘുഭക്ഷണം കഴിച്ചുകൊണ്ട്, ചൂടു (കട്ടൻ ചായ) ചായ പകർന്നുകൊണ്ടു, ഏറെ നേരം പ്രിയപ്പെട്ടവരുമായി കുശലം പറഞ്ഞിരിക്കാൻ , തമാശകൾ പറഞ്ഞിരിക്കാൻ എന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്നു. എന്റെ ആ ഏകാന്തതകളിൽ ജീവിതത്തിന്റെ അകപ്പൊരുകളിലേക്ക് എത്തിനോക്കാൻ ശ്രമിച്ചിരുന്നു. ആയതിന് എന്നെ പ്രേരിപ്പിക്കുന്ന ഒരു നല്ല സുഹൃത് സംഘം ഉണ്ടാക്കാൻ എന്നും ഞാൻ ആഗ്രഹിച്ചിരുന്നു. അവരുടെ വാക്കുകൾ കേട്ടിരിക്കാൻ എന്നും ഞാൻ കൊതിച്ചിട്ടുണ്ട്….
ഏറെയൊന്നും ആഗ്രഹിക്കാതെയും, വെട്ടിപ്പിടിക്കാതെയും ഇനിയുള്ള ജീവിതകാലമെങ്കിലും ഇവിടെ ശാന്തമായ ഏകാന്തതയുടെ ഈ പർണശാലയിൽ (ശില യിൽ) കഴിയാനൊരു മോഹം മാത്രം ബാക്കി. മനുഷ്യൻ സമൂഹ ജീവിയെന്നതു ശരിതന്നെ, പക്ഷെ ഉള്ളിൽ അയാൾ എന്നും ഒറ്റയാൻ തന്നെ.
അതുകൊണ്ടാവാം, ഏകാന്തതയിൽ എനിക്കീ പ്രപഞ്ചത്തിലെ എല്ലാററിനോടും ഒരു സ്നേഹ ബന്ധമുണ്ടാക്കാൻ, കഴിയുന്നത്. അപ്പോൾ തോന്നും ഞാനീലോകത്ത് (ഭൂമിയിൽ) ഒറ്റയ്ക്കല്ലന്ന്.
മററുള്ളവർ നമ്മെ മനസ്സിലാക്കുമെന്നുള്ള പ്രതീക്ഷയില്ലാതെ, നിശബ്ദനായി അരങ്ങിലെ കളികൾ കണ്ടിരിക്കുക.

കാപട്യം നിറഞ്ഞ സമൂഹം:
കാപട്യം നിറഞ്ഞതാണ് സമൂഹം. ഒരിക്കൽ ഒരാളെ തലയിലേററുന്നു, മറ്റൊരിക്കൽ മറ്റൊരാളെ. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രം സംസാരിക്കുക അതും നമ്മെ കാപട്യത്തിലേക്ക് എത്തിക്കും. എനിക്ക് ആ കാപട്യത്തിലൂടെ മറ്റുള്ളവരെ പറ്റിയ്ക്കാൻ കഴിയില്ല. സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധത പുലർത്തിക്കൊണ്ട്, മററുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രം സംസാരിക്കാൻ ഒരാൾക്കു കഴിയുമോ?
ഇന്ന് മത്സരം ജീവിതത്തിൽ അനിവാര്യമായി തീർന്നിരിക്കുന്നു. അവിടെ എങ്ങെനെയാണ് ആരോഗ്യകരമായ അല്ലെങ്കിൽ ശുദ്ധമായ, കാപട്യമില്ലാത്ത ഒരു മത്സരം പ്രതീക്ഷിക്കുക! ഈ ജീവിത മത്സരത്തിൽ നമുക്കാരെയൊക്കെ ജയിക്കണം അല്ലങ്കിൽ പിന്നിലാക്കണം.. വേണ്ടി വന്നാൽ മാതാപിതാക്കളെ വരെയൊ?. അപ്പോ കാപട്യത്തിന്റെ മൂടുപടം ആർക്കാണ് വേണ്ടാത്തത്.
ജീവിതം ഇപ്പോൾ ഒരു വ്യവസായമാകുന്നു. മക്കൾ അച്ചനമ്മമാരോടും, അവർ മക്കളോടും, ഭാര്യ ഭർത്താവിനോടും കണക്കു പറയുന്നു, ചോദിക്കുന്നു…! സ്വന്തം ആനന്ദമാണ് ഇന്ന് ഒരൊരുത്തർക്കും ജീവിത ലക്ഷ്യം. ഒപ്പം അനിവാര്യമാക്കുന്ന ഇടവേളകളിൽ താൻ ചെയ്യുന്നതൊക്കെ ശരിയാണന്നും, നിങ്ങളുടെയൊക്കെ നന്മയ്ക്കാണന്ന ബോധ്യപ്പെടുത്തലും.
തനിക്കുചുററും പ്രഭാപൂരം പരക്കണമെന്ന് മോഹിക്കുന്ന മനുഷ്യരിൽ തൊണ്ണൂററഞ്ചു ശതമാനത്തിനും; മററുള്ളവരോടു കാണിക്കുന്ന പരിഗണനയ്ക്ക് രണ്ടു മാനദണ്ഢങ്ങളുണ്ട്.
ഒന്ന്; ആളുടെ വലിപ്പ ചെറുപ്പ വ്യത്യാസം,
രണ്ട്; മറ്റുള്ളവരെ കൊണ്ടു തനിക്കുണ്ടാവുന്ന പ്രയോജനത്തിന്റെ സാധ്യത.
മാത്രമല്ല ഇവിടെ നിന്നും ഞാനും ഒന്നു പഠിച്ചു, നിരന്തരം കൊടുക്കാനും, കളയാനും, കൊച്ചാകാനും കെൽ‌പ്പുള്ളവർ മാത്രമേ സ്നേഹമെന്ന “ഹൈബിസ്സിനസ്സിന്” ഇറങ്ങാവൂ। വലുങ്ങനെ ഒന്നും ഇങ്ങോട്ട് പ്രതീക്ഷിക്കുകയുമരുത്। ഇനി എപ്പോഴെങ്കിലും എന്തെങ്കിലും കിട്ടിയാൽ, കണ്ണിലൂറുന്ന കണ്ണീർ നുണഞ്ഞു നിശ്ശബ്ദമായി തേങ്ങാം വിതുന്വാം॥ അതാണെന്റെ സാമൂഹ്യപാഠം.

Monday, July 28, 2008

വീണപൂവിന് നൂറു വർഷം..

അനശ്വരനായ ആശാനും വിവാദങ്ങളും


ഹാകവി കുമാരനാശാൻ രചിച്ച വീണപൂവ് എന്ന ഖണ്ഡകാവ്യത്തിന് (1907ൽ രചിച്ച) നൂറു വർഷം കഴിയുന്നു. ഈ അവസരത്തിൽ, കവിതകളെ ഏറെ താലോലിച്ചിരുന്ന, ഇന്നും ഉള്ളിന്റെയുള്ളിൽ പ്രിയമായി കൊണ്ടു നടക്കുന്ന ഒരു കൂട്ടം മലയാളികൾ ആശാൻ കവിതകളുടെ, പ്രത്യേകിച്ചും വീണപൂവിന്റെ ലളിതസുന്ദരമായ മഹത്വം ശ്രദ്ധിക്കാതെ വരില്ല।

മലയാള കവിതയിലെ നാഴികക്കല്ലെന്നു വിശേഷിക്കപ്പെടുന്ന വീണപൂവിന്റെ നൂറാം വയസ്സ് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടുവോ? അതിന് നമുക്കിവിടെ കവികളോ, കവിതയെ സ്നേഹിക്കുന്ന ഒരു വിഭാഗമോ ഇല്ലല്ലോ! ഉണ്ടെങ്കിൽ തന്നെ വംശനാശ ഭീഷണിയിലാണന്നു വേണം കരുതാൻ। എങ്കിലും, ഇവിടെ സിനിമാ പാട്ടെഴുത്തുകാരും, ആദ്വാദകരും സജീവമായിരിക്കുന്നു എന്നതിൽ സമാധാനിക്കാം।
അല്ലെങ്കിൽ തന്നെ ആശാൻ കവിതകളെ വേണ്ടവിധം ആദരിക്കാൻ കഴിഞ്ഞ നൂറു വർഷങ്ങളിൽ എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ?। പകരം ആശാൻ കവിതകളെ കുറിച്ചു വിഭിന്നങ്ങളായ കാഴ്ചപ്പാടുകളും, നിലപാടുകളുമായി വളരെ അധികം ലേഖനങ്ങളും,പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്। ആ വിവാദങ്ങളൊക്കെയാണ് സത്യത്തിൽ നാം ഏറെ ശ്രദ്ധിക്കപ്പെട്ടതെന്നു തോന്നുന്നു। ആശാൻ കവിതയിലെ നവോത്ഥാന മൂല്യങ്ങളെ സംബദ്ധിച്ച് ഇതിനകം ഉണ്ടായിട്ടുള്ള (അല്ലെങ്കിൽ ഉണ്ടാക്കിയിട്ടുള്ള) വിവാദങ്ങൾ എന്നെപ്പോളുള്ള വായനക്കാരിൽ അവശേഷിപ്പിക്കുന്ന സംശയങ്ങൾ നിരവധിയാണ്।

ഈ വിധം സംഗമങ്ങളിലൂടെയും, ചർച്ചകളിലൂടെയും ആയതിനൊരു നിവർത്തിയുണ്ടാകുമെങ്കിൽ അങ്ങനെ ആകട്ടെ എന്നു കരുതി ഇവിടെ കുറിക്കുന്നു।ഔപചാരിക വേദികളിലെ പ്രാസംഗികരൊക്കെ മുൻ കൂട്ടി തീരുമാനിച്ചുറച്ച മേഖലകളിലേക്കു മാത്രം, ചർച്ചകളും,പ്രഭാഷണങ്ങളും, ലേഖനങ്ങളും (അവരെ, സംബന്ധിച്ചിടത്തോളം ‘കാടുകയറാതെ’) നയിക്കുന്നതിനാൽ നമ്മുടെ സംശയങ്ങളൊക്കെ എന്നും അതേപടി അവശേഷിക്കുക സ്വാഭാവികം।

1
കുമാരനാശാന്റെ ദുരിതം നിറഞ്ഞ ജീവിതത്തേയും,കാവ്യജീവിതത്തിലെ അതുല്യ സംഭാവനകളേയും; ചേർത്തറിയുന്ന ഒരാൾക്ക് ആശാന്റെ കൃതികൾ ജനകീയമല്ലെന്നും,ബൂർഷ്വാ വിപ്ലവ കവിതകളെന്നും, വിലയിരുത്താനാവുമോ?

2

മലയാള സാഹിത്യത്തിൽ, രണ്ടു ദശാഘട്ടങ്ങൾ ഉണ്ടായിട്ടുള്ളതിൽ; ആശാൻ ഉൾപ്പെടുന്ന താണ ജാതിക്കാർ ഉയർന്നുവന്ന രണ്ടാം ഘട്ടത്തിൽ പോലും,“ജന്മി-മുതലാളി മർദ്ദനത്തിൽ ചൂഷിതരായ തൊഴിലാളി കർഷക ബഹുജനങ്ങളിൽ; സാഹിത്യാസ്വാദകരോ, രചയിതാക്കളോ ഉണ്ടായിട്ടില്ല എന്ന കണ്ടെത്തൽ, വസ്തുതാപരമായിരുന്നുവോ?

3

മാത്രമല്ല, ആശാന് ശേഷമാണ് തൊഴിലാളിവർഗ്ഗം കേരളത്തിൽ രാഷ്ടീയത്തിലും,സാഹിത്യത്തിലും സംഘടിത ശക്തിയായത് എന്ന വാദഗതി ഇനിയും നിലനിൽക്കുന്നതാണോ?

4

ആശാൻ അടക്കം, കേരളത്തിൽ എല്ലാവരുടേയും ദൃഷ്ടിയിൽ സ്വപ്നമായിരുന്ന മിശ്രവിവാഹം, സാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ച കൃതിയാണ്,“ദുരവസ്ഥ”। മിശ്രവിവാഹം കഴിക്കുന്നവരുടെ പിന്നീടുള്ള ജീവിത ഭദ്രതയിൽ പോലും ആശാൻ ശ്രദ്ധിച്ചിരുന്നതായി, “ദുരവസ്ഥ”യിലെ സാവിത്രി തന്റെ പഴയ ജീവിത പാരബര്യമാകെ ഉപേക്ഷിച്ച്, ഒരു കർഷകതൊഴിലാളി സ്ത്രീയായി സ്വയം മാറുന്നതിന്റെ കാഴ്ചയിലൂടെ മനസ്സിലാക്കാൻ കഴിയും। ആ നിലയ്ക്ക്, ആശാന്റെ “ദുരവസ്ഥ’,യെ ഒരു മിശ്രവിവാഹ കവിത മാത്രമായി കാണാൻ കഴിയുമോ?


5

ആശാൻ, “ദുരവസ്ഥ, എഴുതിയപ്പോഴും, അതുമായി വൈകാരികമായി യോജിക്കുവാൻ കഴിഞ്ഞെങ്കിലും, ബുദ്ധിപരമായി യോജിക്കുവാൻ അദ്ദേഹത്തിന്റെ പഠിപ്പും,പരിശീലനവും എതിരുനിന്നു”, എന്ന ആരോപണം കാവ്യരചനയിൽ നിലനിൽക്കുന്ന താണോ? കവിയുടെ വികാരം ഒരു വഴിക്കും, ബുദ്ധി എതിർ വഴിക്കും സഞ്ചരിക്കുക സംഭാവ്യമാണോ?

6

“ചിന്താവിഷ്ടയായ സീത്’ യിൽ നമ്മെ ആകർഷിക്കുന്നത്, സീതയെ ചിന്താവിഷ്ടയാക്കുന്ന, ‘കുശ-ലവൻ’ ന്മാരും, വാല്മീകിയുമില്ലാത്ത ആശ്രമസന്ധ്യയും ഉദ്ദീപ്തമാക്കുന്ന ഭാവ പരബരയാണോ?। അതോ, വിപ്ലവത്തിന്റെ പക്ഷത്തു ചേർന്ന് രാജവാഴ്ചക്കെതിരായി പടവാളുയർത്തുന്ന സീതയെയോ?

7

ഇൻഡ്യയുടെ സ്വാതന്ത്രത്തിനും,പുരോഗതിക്കും മുൻപിലുള്ള നിർണ്ണായക പ്രതിബന്ധം, ജാതി വ്യവസ്ഥയാണന്ന് മാർക്സിന്റെ പക്ഷം। എന്നാൽ ഈ നിർണായക പ്രതിബന്ധത്തിനെതിരായി സമര കാഹളം മുഴക്കിയ മഹാകവി കുമാരനാശാനെയെന്തേ സ്വാതന്ത്ര്യ വിരോധിയായി ചിലർ വിലയിരുത്തി।

1908ൽ ആശാൻ എഴുതിയ ഒരു പദ്യത്തെ ചൊല്ലിയായിരുന്നല്ലോ,മുഖ്യമായും ഈ വിധിയെഴുത്ത്!

“എന്തിനു ഭാരതധരേ കരയുന്നു

പാരതന്ത്രം നിനക്ക്,വിധികല്പിത മാണു തയേ!

ചിന്തിക്ക ജാതി മദിരാന്ധരടിച്ചു

തമ്മിലന്തപ്പെടും തനയർ,എന്തിനയേ സ്വരാജ്യം”

[ഒരു തീയകുട്ടിയുടെ വിചാരം]

ആശാന്റെ ഈ വരികളിൽ അടങ്ങിയിരിക്കുന്ന അദമ്യമായ ജാതി വിരോധവും, സ്വാതന്ത്ര്യത്തിന് തടസ്സമായി അന്നു നിലനിന്നിരുന്ന ജാതി കലഹങ്ങളും ഓർത്തു ദുഖിക്കുന്ന ആ പദ്യം സ്വാതന്ത്ര്യ വിരോധിയായ ആശാനെയാണോ വെളിവാക്കുന്നതു?

8

തന്റെ പരമസ്വാതന്ത്ര്യം ഇങ്ങനെ തുറന്നെഴുതിയ ആശാൻ:

“സ്വാതന്ത്ര്യം തന്നെ യമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികൾക്കു, മൃതിയേക്കാൾ ഭയാനകം”

പിന്നീടെന്തുകൊണ്ട് സ്വന്തം കൃതികളിൽ അന്നത്തെ രാഷ്ടീയാവസ്ഥയെ ഒഴിവാക്കി? സ്വാതന്ത്ര സമര പ്രസ്ഥാനത്തോടോ അതിലെ അമരക്കാരായ മഹാത്മാക്കളോടോ ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ഉതകുന്നതൊന്നും എന്തേ ആശാൻ എഴുതിയില്ല? വിദേശാധിപത്യത്തിലാണ്ട ഭാരതീയാവസ്ഥയെ പശ്ചാത്തലമാക്കി ഒരു കൃതിയെങ്കിലും എന്തേ എഴുതിയില്ല?

9

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതിന് ശേഷം,വെയിത്സ് രാജകുമാരന്റെ കൈയ്യിൽ നിന്നും,ആശാൻ എന്തുകൊണ്ട് പട്ടും വളയും സ്വീകരിച്ചു?

10

1913ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായതു കൊണ്ടു, ദൈനംദിന രാഷ്ടീയകാര്യങ്ങളിൽ ആശാന്, താല്പര്യമില്ലായിരുന്നു എന്ന് വിശ്വസിക്കണമോ?

11

യുക്തിയും,പ്രധിക്ഷേധവും ഉൾക്കൊണ്ട ഒരു റാഷണലിസ്റ്റായ ‘ദേശീയനവോത്ഥാന നായകന്റെ’ സഫലമായൊരു പ്രതിഫലനം തന്നെയല്ലേ കവിയെന്ന നിലയിലും, ആശാന്റെ ദ്വമുഖ പ്രവർത്തനങ്ങളിൽ കാണാൻ കഴിയുക?

അതായത്;-ജാതി വിവേചനഫലമായ,സാമൂഹ്യ വൈകൃതങ്ങളെ തന്റെ ലഘുഗീതികളിലും, ഖണ്ഡകാവ്യങ്ങളിലൂടെയും(ഒരു പാട്ട്, സിംഹനാദം,ഒരുൽബോധനം, ദുരവസ്ഥ,ചണ്ഡാലഭിക്ഷുകി) നിശിതമായി വിമർശിക്കുന്നതിലൂടെ;

-വീണപൂവിലെ ആദ്ധ്യാന്മികതയിലൂന്നിയ ആ സ്നേഹദർശനത്തിലൂടെ, ‘സ്നേഹമാണഖിലസാര- മൂഴിയിൽ’ എന്ന മഹത് വാക്യങ്ങളിലെ ദർശനം വെളിവാക്കിതരുന്നതിലൂടെ;

-‘ചിന്താവിഷ്ടയായ സീത’ യിലൂടെ, സ്ത്രീയുടെ ‘സ്വാതന്ത്യ-വ്യക്തിത്വങ്ങളെ’ തടയുന്നതിന് പുരുഷന് സഹായകമാകുന്ന രാജനീതികളും, സ്മൃതികളും ധർമ്മ സംഹിതകളാകുന്നതിനെ ആശാൻ നിശിതമായി വിമർശിക്കുന്നതിലൂടെയൊക്കെ!

12

രാഷ്ടീയ സ്വാതന്ത്ര്യ സമരത്തിലല്ല, സാമൂഹിക പരിഷ്കരണത്തിനാണ് ആശാൻ പ്രാധാന്യം നൽകിയത് എന്നു കരുതുന്നതല്ലേ കൂടുതൽ ശരി? കവിതകളിൽകൂടിയും അതിലേറെ “വിവേകോദയം’, ‘മിദവാദി’, ‘പ്രതിഭ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കൂടിയും, പ്രജാസഭയിലെ പ്രസംഗങ്ങളിൽ കൂടിയും തന്റെ മൂർച്ചയുള്ള യുക്തിയുടെ ഭാഷ ഉപയോഗിച്ച് സാമൂഹ്യ അനാചാര്യങ്ങൾക്കെതിരേയും, സർക്കാറിന്റെ ദൂഷിത നയങ്ങൾക്കെതിരേയും ആശാൻ പൊരുതിയെന്ന് കാണരുതോ?

13

കവിത്രയത്തിൽ, ആശാന്റെയും,ഉള്ളൂരിന്റെയും കാവ്യസൃഷ്ടികൾ മാർക്സിസത്തിൽ നിന്നും വളരെദൂരം സ്ഥിതിചെയ്യുന്നുവെന്നും; വള്ളത്തോൾ അടിമുതൽ മുടിവരെ ഗാന്ധിഭക്തനായിരുന്നു എന്നും വിശ്വസിക്കണമോ?

14

പ്രതിഭാശാലികളായ കലാ-സാഹിത്യകാരന്മാരെ ലഭിക്കാൻ, ജന്മസിദ്ധമായ വാസനയോടു, പരിശ്രമ ലബ്ധമായമായ പലതും ചേരണം.പോരാ അനുകൂല സാഹചര്യം കൂടി ലഭിക്കണം എന്നിരിയ്ക്കേ; അന്ന് നിലനിന്ന അത്യധികം സങ്കീർണ്ണതയുള്ള ജാതിവ്യവസ്ഥ സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ ആശാൻ എങ്ങനെ അതിജീവിച്ചു? ഒരു മഹാകാവ്യവുമെഴുതാതെ എങ്ങനെ മഹാകവിയായി?

15

സാഹിത്യ കലാരംഗങ്ങളിൽ ജാതീയതയും, വർഗ്ഗീയതയും ഇപ്പോൾ ഗണ്യമായ ഒരു വിപത്തായി കഴിഞ്ഞിട്ടില്ലങ്കിലും, വിപൽ സാധ്യത അപ്പാടെ നിഷേധിക്കുന്നത് ബുദ്ധിപൂർവകമായിരിക്കുമോ? ഇന്നും, മതവും ജാതിയും തീർക്കുന്ന മതിൽക്കെട്ടുകളാണ് ഭാരതത്തിന്റെ സ്വച്ഛതയ്ക്കും, പുരോഗതിക്കും ഉള്ളതടസ്സം എന്ന് സമീപകാല സംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നില്ലേ?

Thursday, July 24, 2008

പുന്നപ്ര- വയലാർ ദുരന്തത്തിന്റെ ബാക്കിപത്രം

ഈ ദുരന്തത്തിൽ കോൺഗ്രസ്സ് നേതാക്കളുടെ നിലപാടുകൾ:

കോ
ൺഗ്രസ്സ് നേതാക്കളായ പട്ടം താണുപിള്ള,ടി.എം .വർഗ്ഗീസ്സ് എന്നിവർ വർക്കിങ്ങ് കമ്മിറ്റി നിയോഗമനുസരിച്ച് 1946ഒക്ടോബർ പതിമൂന്നാം തീയതി ഭക്തിവിലാസത്തു ചെന്നു സർ।സി।പി।യെ ക്ണ്ടു। തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് തുടർന്നു വന്ന മർദ്ദന സംവിധാനത്തെ -സർ।സിപി।യുടെ, 1946ഒക്ടോബർ ഒന്നാം തീയതിയിലെ “കരിനിയമം”- പിൻവലിക്കാനും, പ്രഖ്യാപിത ഭരണ പരിഷ്ക്കാരത്തിൽ ദിവാൻ ഭരണത്തിനു സ്ഥാനമുണ്ടോ, ഇല്ലയോ എന്ന് ഉറപ്പുവരുത്താനുമുള്ള ഈ സന്ധി സംഭാഷണ ദിവസം തന്നെ തൊഴിലാളി സംഘടനാ നേതാക്കൾ ആലപ്പുഴയിൽ സമ്മേളിച്ച് ഒരു പണിമുടക്കിന് തീരുമാനിച്ചു-1946ഒക്ടോബർ22ന്।തൊഴിലാളികളുടെ ഈ ചെറുത്തു നില്പിനും പ്രത്യക്ഷ സമരത്തിനും, ടി।എം।വർഗ്ഗീസ്സ് ഉൾപ്പെടെയുള്ള ചില കോൺഗ്രസ്സ് നേതാക്കളുടെ പിന്തുണയും, പ്രോത്സാഹനവും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം।

എന്നാൽ ദിവാന്റെ സർക്കാറിനോട് ഏറ്റുമുട്ടി വയലാറിലും, പുന്നപ്രയിലും തൊഴിലാളികൾ മരിച്ചു വീണപ്പോൾ, കോൺഗ്രസ്സ് നേതാക്കൻന്മാർ മാത്രമല്ല, അവരെ കുറ്റപ്പെടുത്തി പിൽക്കാലത്ത് പുസ്തകമെഴുതിയ ശ്രീകണ്ഠൻ നായരും, തൊഴിലാളികളെ കൈവിടുകയാണ് ചെയ്തത്।
കുബളത്തു ശങ്കുപ്പിള്ള, പുന്നപ്ര-വയലാർ സമരത്തെ കുറിച്ച് ഇങ്ങനെയും ചരിത്രത്തിൽ അഭിപ്രായപ്പെട്ടുകാണുന്നു।
“॥വയലാർ-പുന്നപ്ര സമരത്തെ കുറിച്ച് സമഗ്രമായ ഒരു പഠനം ഞാൻ നടത്തിയിട്ടുണ്ടെങ്കിലും, പൂർണമായിട്ടതിനെ കുറിച്ച് വിവരിക്കുക എന്നത് ഒരു സാഹസമായിരിക്കും। ഇന്നും വയലാർ-പുന്നപ്ര സമരത്തെ കുറിച്ച് വിവിധങ്ങളായ അഭിപ്രായങ്ങൾ നിലവിലിരിക്കുബോൾ; ഇതിലേത് ശരിയെന്നും,ഏതു തെറ്റെന്നും ഖണ്ഡിതമായി പറയുക അസാധ്യവുമാണ്। വിവേകരഹിതവും, ബുദ്ധിശൂന്യവും, സാഹസികവും എന്നു തന്നെയല്ല ശതക്കണക്കിന് തൊഴിലാളികളുടെ ജീവൻ നിഷ്ഫലമായും, നിഷ്പ്രയോജനമായും ബലികൊടുത്തു, എന്നൊരു കൂട്ടർ വാദിക്കുബോൾ; ആയത് ത്യാഗത്തിന്റേയും,ധീരതയുടേയും, ദേശാഭിമാനത്തിന്റേയും ഉരക്കല്ലായി മറ്റൊരു കൂട്ടർ ഈ സമരത്തെ ഇന്നും ഉയർത്തിക്കാട്ടുന്നുണ്ട്।”

എന്നാൽ പുന്നപ്ര-വയലാർ സംഭവത്തെ സ്വതന്ത്ര തിരുവിതാംകൂർ വാദമായി ഇന്നും ചിലർ വ്യാഖ്യാനിച്ചു കാണുന്നു। അങ്ങനെ ബന്ധപ്പെടുത്തുന്നത് തികച്ചും പിൽക്കാലത്തു നടന്ന ഒരു സംഭവത്തിനു പൂർവ്വകാലപ്രാബല്യം നൽകി മനപൂർവ്വം ചിന്താകുഴപ്പം സ്യഷ്ടിക്കുകയാണ്। ആയതിന് ഇ।എം.സ്സ്.തന്നെ ‘കേരള ചരിത്രം മാർസിസ്റ്റ് വീക്ഷണത്തിൽ’ എന്ന ക്യതിയിൽ (പുറം321) പ്രസ്താവിച്ചിട്ടുള്ളത് കാണുക. “
॥പുന്നപ്ര-വയലാറിന്ശേഷമാണ് ‘സ്വതന്ത്ര തിരുവിതാംകൂർ, എന്നമുദ്രാവാക്യം സർ।സി.പി.ഉയർത്തിയത്”
എല്ലാ അക്രമങ്ങളും സ്വാതന്ത്ര സമരത്തിന്റെ ഭാഗമാകാതെ ഇരിക്കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം!

ആർ.ശങ്കർ എന്നും വിവാദങ്ങളിൽ

ആർ.ശങ്കറും വിവാദങ്ങളും


ജീവിച്ചിരുന്ന കാലത്തുതന്നെ വളരെയേറെ തെറ്റിധരിക്കപ്പെടുകയും, എതിർപ്പും, വിവാദങ്ങളും ഏറ്റു വാങ്ങേണ്ടിയും വന്ന ആർ।ശങ്കറിന് അദ്ദേഹത്തിന്റെ ജന്മസതാബ്ദി ആഘോഷ വേളകളിൽപ്പോലും ചില ചരിത്ര സത്യങ്ങളുടെ വളച്ചൊടിക്കലുകളിലൂടെ വീണ്ടും അവഹേളിക്കപ്പെട്ട കാഴ്ച ഈ കഴിഞ്ഞ മേയ് (2008)മാസങ്ങളിൽ കാണേണ്ടിവന്നു।
എന്നാൽ ചരിത്രസത്യങ്ങളിലൂടെ ഒന്നു പിന്നോക്കം പോകുന്ന ഒരു സ്വതന്ത്രചിന്തകന് ആർ.ശങ്കറിന്റെ
ചിത്രം തന്റെ മനസ്സിൽ തികച്ചും മാറ്റി വരയ്ക്കേണ്ടിവരും।
വിവാദങ്ങളിൽ പ്രധാനം, പുന്നപ്ര-വയലാർ ദുരന്തത്തിൽ ആർ।ശങ്കറിന്റെ ദൌത്യം തന്നെയാവും ചരിത്രം പഠിച്ചു മറന്ന സാധാരണക്കാരുടെ ഓർമ്മയിലെത്തുന്നത്। ഇക്കാര്യത്തിൽ കുബളത്തു ശങ്കുപ്പിള്ളയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ,“പുന്നപ്ര-വയലാർ സമരത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തിയിട്ടുള്ളവർക്കുപോലും,പൂർണ്ണമായിട്ടതിനെ കുറിച്ച് വിവരിക്കുക ഒരു സാഹസമായിരിക്കും”। നമുക്കും ആവിധമല്ലാതെ മറിച്ചു ചിന്തിക്കാൻ എന്തുതെളിവാണുള്ള്ത്।

1
ആദ്യമായി സർ.സി.പി.യുടെ “അമേരിക്കൻ മോഡൽ” ഭരണത്തിനു വേണ്ടി വാദിച്ച ആർ.ശങ്കർ എന്ന ആരോപണം തന്നെ നോക്കാം:


1947ഏഫ്രിലിൽ തിരുവിതാംകൂർ മഹാരാജാവ് ഭരണപരിഷ്ക്കാര വിളംഭരം ഒപ്പുവച്ചശേഷം,എസ്സ്। എൻ.ഡി.പി.യോഗവും,ആർ.ശങ്കറും സർ.സി.പി.യുടെ “അമേരിക്കൻ മോഡൽ” (എക്സികൂട്ടീവ്) ഭരണപരിഷ്ക്കാരങ്ങളുടെ ഉള്ളടക്കത്തെ വിശകലനം ചെയ്തുകൊണ്ട്, ആർ.ശങ്കർ തന്നെ “വിവേകോദയ” ത്തിൽ എഴുതിയ (മേയ്-ജൂൺ ലക്കം പതിപ്പുകളിൽ), കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു। ആയതിൽ നിന്നും ശങ്കറോ,എസ്സ്।എൻ।ഡി।പി।യോഗമോ ഒരിക്കലും സർ।സി।പി।യുടെ എക്സികൂട്ടീവ് ഭരണപരിഷ്ക്കാര നിർദ്ദേശങ്ങളെ (അമേരിക്കൻ മോഡൽ) നിരുപാധികം സ്വീകരിച്ചു കാണുന്നില്ല। മാത്രമല്ല അവകുറ്റതാണന്ന് അഭിപ്രായപ്പെട്ടിട്ടുമില്ല। എന്നാൽ അവ പാടെതള്ളികളയുന്നതിനു പകരം ഭിന്നിച്ചു നിൽക്കുന്ന ബന്ധപ്പെട്ട കക്ഷികളെ അനുരഞ്ജിപ്പിച്ച് സമാധാനപരവും,വ്യവസ്ഥാപിതവുമായ രീതിയിൽ ഭരണപുരോഗതി കൈവരിക്കാനുള്ള മാർഗ്ഗങ്ങളാണ് നിർദ്ദേശിച്ചു കാണുന്നത്।


എസ്സ്.എൻ.ഡി.പി.യോഗത്തിന്റേയും അത് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റേയും താല്പര്യങ്ങൾക്ക് ഏതു പരിതസ്ഥിതിയിലും മുൻതൂക്കം കല്പിക്കാൻ ബാദ്ധ്യസ്ഥനായ ഒരു ജനറൽ സെക്രട്ടറി,ഒരു രാഷ്ടീയപ്രക്ഷോഭകന്റെ നിലവിട്ട് രാജ്യതന്ത്രജ്ഞന്റെ നില സ്വീകരിച്ചത് അപലപനീയമെന്നെങ്ങനെ പറയും? “ക്വറ്റ് ഇൻഡ്യാ” സമരത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിട്ടുനിൽക്കാൻ ഇടയാക്കിയ സാഹചര്യവും ഇവിടെ ഓർത്തുപോകുന്നു।


ഈ വിഷയത്തിൽ അക്കാലത്ത് ആർ।ശങ്കറിന്റെ രാഷ്ടീയ ശത്രുവായിരുന്ന, ടി।കെ।ദിവാകരൻ പറഞ്ഞ വാക്കുകൾ കൂടി ശ്രദ്ധിക്കുന്നത് നന്നയിരിക്കും। “പലനേതാക്കന്മാരും,കോൺഗ്രസ്സ് വിട്ടുപോയതും സി.പി।യുടെ അനുകൂലികളായി തീർന്നതും ഉദ്ദോഗലബ്ധി തുടങ്ങിയ സ്വന്തം താൽ‌പ്പര്യത്തിനുവേണ്ടിയാണ്। ശങ്കർ എസ്സ്।എൻ।ഡി।പി।യോഗത്തിന്റേയും,തന്റെ സമുദായത്തിന്റേയും താല്പര്യങ്ങളാണ് നോക്കിയത്।സ്വന്തം താല്പര്യമല്ല। അതു നമ്മൾ അംഗീകരിക്കണ്ടെ?”


2


ഇനി വയലാറിലെ അന്നത്തെ സമര ക്യാബുകളെ കൂറിച്ച്:


വയലാറിലെ സമരക്യാബുകളെന്ന് പറയുന്നത്, മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലമായിരിന്നു। “വയലാർ സ്റ്റാലിൻ” എന്നപേരിലറിയപ്പെട്ടിരുന്ന സി।കെ।കുമാരപ്പണിക്കരുടെ മേൽനോട്ടത്തിൽ, കമ്മ്യൂണിസ്റ്റ് വാളണ്ടിയർമാർക്ക് വാരികുന്തം, വെട്ടുകത്തി,കല്ല് എന്നിവ ആയുധങ്ങളായീ ഉപയോഗിച്ച് പൊലീസിനേയും, പട്ടാളത്തേയും ചെറുത്തുനിൽക്കാൻ പ്രത്യേകം പരിശീലനം നൽകിയിരുന്ന കേന്ദ്രങ്ങളെയാണ് സമരക്യാബുകളെന്ന് അറിയപ്പെടുന്നത്। കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന,മേനാശ്ശേരി, ഒളതല, വയലാർ തുടങ്ങിയ പല കേന്ദ്രങ്ങളിലും പാർട്ടി അനുഭാവികളായ കർഷകർക്കും, തൊഴിലാളികൾക്കും പട്ടാള ചിട്ടയിലുള്ള പരിശീലനം ഈ സമര ക്യാബുകളിൽ നൽകിയിരുന്നു। ഈവിധം ഒരു സമരമുറയെ കോൺഗ്രസ്സ് കാരനായ ആർ।ശങ്കർ ആദ്യമുതൽക്കേ എതിർക്കുക സ്വാഭാവികം।


3


പുന്നപ്ര-വയലാർ ദുരന്തത്തിൽ ആർ.ശങ്കറിന്റെ ദൌത്യ പരാജയം।


അക്രമാസക്തമായ ഒരു കലാപത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന് വ്യക്തമായപ്പോൾ സ്റ്റേറ്റ് കോൺഗ്രസ്സ് നേതാക്കളായ പട്ടം താണുപിള്ളയുടേയും,ആർ।ശങ്കറിന്റേയും സേവനങ്ങളെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് നേത്യുത്വവുമായി സബർക്കം പുലർത്തി,ഗുരുതരമാകുന്ന പ്രതിസന്ധിയെ ഒഴുവാക്കാൻ സർ।സി।പി।,ശ്രമിച്ചു എന്ന് ചരിത്രവസ്തുതകൾ പറയുന്നു। മാത്രമല്ല, ആർ।ശങ്കറിന് ആലപ്പുഴ-ചേർത്തല ഭാഗത്ത് പട്ടത്തിനേക്കാൾ ജനസ്വാധീനമുണ്ടായിരുന്നതിനാൽ, ആർ।ശങ്കർ ഇക്കാര്യത്തിൽ മുൻ കൈ എടുത്തുകാണുന്നു। 1946ഒക്ടോബർ,22 ന് ആർ.ശങ്കർ സമാധാനദൌത്യം സ്വയമേവ ഏറ്റെടുത്തെങ്കിലും തീവ്രവാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അഭിപ്രായത്തിന് മുന്തൂക്കം ലഭിക്കുകയാൽ മദ്ധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ആർ.ശങ്കറിന്റെ തന്നെ വാക്കുകൾ കൂടി കേൾക്കുന്നതു നന്നായിരിക്കും. എസ്സ്.എൻ.ഡി.പി.യോഗത്തിന്റെ നാല്പത്തിരണ്ടാമത് വാർഷിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലെ പ്രസക്തഭാഗം കാണുക!

“॥ഇനി എനിക്കു മുഖ്യമായി പറയാനുള്ളത്, അബലപ്പുഴയിലും, ചേർത്തലയിലും ഈയിടെ നടന്ന നിർഭാഗ്യകരമായ സംഭവങ്ങളെപ്പറ്റിയാണ്। അവിടെ തൊഴിലാളികൾ ആയുധമെടുത്തുകൊണ്ട് ഗവണ്മെന്റിന് എതിരായി സമരം ചെയ്യുവാൻ ഒരുങ്ങുന്നതായും അതിനെ നേരിടാൻ റിസർവ്വ് പൊലീസും,പട്ടാളവും സ്ഥലത്തെത്തിയിരിക്കുന്നതായും മറ്റും അറിവുലഭിച്ചതനുസരിച്ച് യോഗം കൌൺസിലും,ബോർഡും നിയോഗിച്ച സബ്ബ് കമ്മിറ്റി അംഗങ്ങൾ തൊഴിലാളികളെ അവരുടെ ചിന്താശൂന്യമായ സംരംഭത്തിൽ നിന്നു പിൻന്തിരിപ്പിക്കുവാനും, ഒരു സംഘട്ടനം ഒഴിവാക്കാനും ചെയ്ത യഞ്ജത്തെപ്പറ്റി തുലാമാസം പതിമൂന്നാം തീയതി ചേർത്തലയിൽ നിന്നും ഞാൻ പുറപ്പെടുവിച്ചിരുന്ന പ്രസ്താവനയിൽ സാമാന്യമായി പറഞ്ഞിട്ടുണ്ട്। തൊണ്ണൂറ്റഞ്ചു ശതമാനവും ഈഴവരായ തൊഴിലാളികളെ ഈ സമരത്തിനൊരിക്കി നിറുത്തിയ അന്യ സമുദായക്കാരായ മുന്നണി നേതാക്കളെ സമീപിക്കുന്നതുകൊണ്ട് യാതൊരു ഫലവുമില്ലന്ന് ബോദ്ധ്യമായതിനാൽ ഞങ്ങൾ ഈഴവ നേതാക്കളെ നേരിട്ടുകണ്ടു। അവർ മറ്റു ചിലരുടെ താല്പര്യങ്ങൾക്കുവേണ്ടി ഹോമിയ്ക്കപ്പെടാൻ പോകയാണന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു। ഈവിവരം മനസ്സിലാക്കിയ മുന്നണിനേതാക്കൾ അതിനിടയാകുന്നതിന് മുൻപ് തന്നെ ഒരു സംഘട്ടനമുണ്ടാക്കി പുന്നപ്രയിലെ പൊലീസ് ക്യാബ് തൊഴിലാളികളെ വിട്ട് ആക്രമിക്കുകയും, പൊലീസ് ഉദ്ദോഗസ്ഥന്മാരെ കൊലപ്പെടുത്തിക്കുകയും ചെയ്തതു മൂലമാണ്, ഞങ്ങളുടെ സമാധാന ശ്രമങ്ങൾ വിഫലമായി കലാശിച്ചത്”