ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ..
ഈ വിധി നിയതമായ ജീവിത മാർഗ്ഗത്തിലൂടെ സ്വന്തമായ ധർമ്മബോധം അനുസരിച്ചും ഇച്ഛാശക്തി അനുസരിച്ചും ഒരു ജീവിതം…എല്ലാററിനേയും വഹിച്ചുകൊണ്ടുള്ള കാലത്തിന്റെ ഒഴുക്കിൽ എന്റെയും, ജീവിതത്തിൽ നല്ലതും ചീത്തയും ഉണ്ടായി…
അന്നൊക്കെ ഈ ജീവിതത്തിൽ ഇനിയും വളരെ ഏറെ (കടമകൾ) ചെയ്യാനുണ്ടെന്ന തോന്നൽ, അതിനൊക്കെ ധൈര്യമായി ഏറേ ഒന്നും നഷ്ടപ്പെടാനില്ലന്ന വിചാരവും…
അങ്ങനെ എന്റെ നിയത കർമ്മത്തിന്റെ വേദനയിലും ലഹരിയിലും മയങ്ങിയ ഈ ജീവിതം എന്നെ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നു…എന്താണു ഈ ജീവിതത്തിൽ ധന്യമായിട്ടുളളത്..? ഒരു പക്ഷെ അത് നമ്മെ സ്നേഹിക്കുന്ന വസ്തുവിന്റെ ശ്രേയസ്സിൽ മാത്രം ഒതുങ്ങിയുളള ഒരു ജീവിതമോ !…
ജീവിത മോഹങ്ങൾ അല്ലെങ്കിൽ ആഗ്രഹങ്ങൾ…
ജീവിത സങ്കല്പങ്ങളുടെ തകർചയാണ് കൂടുതൽ വേദനാജനകം എന്നു ഞാനും അറിഞ്ഞു… ആയതിനെ ഇടയ്ക്ക് വച്ച് പൊടുന്നനേ തടസ്സപ്പെടുന്ന ഒരു ഇഷ്ട സംഗീതത്തിന്റെ തടസ്സം മാത്രമാക്കി കാണാനുളള കഴിവാണ് അല്ലെങ്കിൽ മാററാനുളള ശ്രമമാണ് വേണ്ടതെന്നു തോന്നുന്നു.ആഗ്രഹം ജീവിതത്തിന്റെ നിഴൽ അല്ലന്നും, ജീവിതം ആഗ്രഹത്തിന്റെ നിഴലാണന്നും തോന്നിപ്പോകുന്നതാകാം കാരണം….!
ഏകാന്തതയെ പ്രണയം…
ഏകാന്തതയെ പരാശ്രയമില്ലാതെ തീററിപോററാൻ കഴിയുമോ എന്ന പരിശ്രമത്തിലാണ് ഞാൻ..? വളരെ ശ്രമകരമായ ഒന്നാണത് എന്ന്, എനിക്കും തോന്നിതുടങ്ങിയിരിക്കുന്നു. പരിശ്രമം തുടങ്ങിയിട്ടേ ഉള്ളൂ ഒന്നും തീർത്തു പറയാറായിട്ടില്ല. ഇക്കാര്യത്തിൽ ഒരു ആത്മ പരിശോധനയ്ക്കുള്ള കുറഞ്ഞ കാലയളവുകൂടി ആയിട്ടില്ല എന്നതുതന്നെ കാരണം.ഏകാന്തതയെ വേണ്ടി വന്നാൽ സ്വയം മേഞ്ഞു നടക്കാൻ അനുവദിച്ചാലെന്താ എന്ന വിചാരത്തിലാണു ഞാനും…കാരണം ആ ഏകാന്തതയിൽ മനസ്സ് ശാന്തമാകുന്നു. മനസ്സ് സ്വസ്ഥമായാലേ പ്രാണൻ സന്തോഷിക്കുകയുള്ളു, അപ്പോഴേ ജീവിതം സുഖപൂർണമാകൂ എന്നാണല്ലോ പ്രമാണം.ഏകാന്തതയുടെ പർണശാലയിലൊതുങ്ങാനും ആത്മബലവും, ആത്മശുദ്ധിയും നേടാനും ഇനിയെങ്കിലും ഒരു (പാഴ് ശ്രമം !) ശ്രമമായാലോ?
മററാരുമില്ലാത്ത ഒരു ലോകത്തെ ഏകാന്തതയല്ല, ആൾക്കൂട്ടത്തിൽ തനിയേയുള്ളൊരു ഏകാന്തത, അതാണെനിക്കുപ്രിയം। കാരണം ഇവിടെ ജീവിതത്തിൽ പാരസ്പര്യം ഇല്ല, മത്സരം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ എന്നും ഞാൻ ഒച്ചപ്പാടുകളിൽ നിന്നും അല്പ- നേരമെങ്കിലും ഒഴിഞ്ഞിരിക്കാനുള്ള അവസരം; വീട്ടിലും, പുറത്തും എന്നും ഞാൻ കണ്ടെത്തിയിരുന്നു.
ആരും, ആരെയും ഭരിക്കാതെയും, സ്വന്തമാക്കാതെയും, തൊട്ടുരുമ്മിയില്ലങ്കിലും, അധികം അകലത്തല്ലാതെയിരുന്നു ലഘുഭക്ഷണം കഴിച്ചുകൊണ്ട്, ചൂടു (കട്ടൻ ചായ) ചായ പകർന്നുകൊണ്ടു, ഏറെ നേരം പ്രിയപ്പെട്ടവരുമായി കുശലം പറഞ്ഞിരിക്കാൻ , തമാശകൾ പറഞ്ഞിരിക്കാൻ എന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്നു. എന്റെ ആ ഏകാന്തതകളിൽ ജീവിതത്തിന്റെ അകപ്പൊരുകളിലേക്ക് എത്തിനോക്കാൻ ശ്രമിച്ചിരുന്നു. ആയതിന് എന്നെ പ്രേരിപ്പിക്കുന്ന ഒരു നല്ല സുഹൃത് സംഘം ഉണ്ടാക്കാൻ എന്നും ഞാൻ ആഗ്രഹിച്ചിരുന്നു. അവരുടെ വാക്കുകൾ കേട്ടിരിക്കാൻ എന്നും ഞാൻ കൊതിച്ചിട്ടുണ്ട്….
ഏറെയൊന്നും ആഗ്രഹിക്കാതെയും, വെട്ടിപ്പിടിക്കാതെയും ഇനിയുള്ള ജീവിതകാലമെങ്കിലും ഇവിടെ ശാന്തമായ ഏകാന്തതയുടെ ഈ പർണശാലയിൽ (ശില യിൽ) കഴിയാനൊരു മോഹം മാത്രം ബാക്കി. മനുഷ്യൻ സമൂഹ ജീവിയെന്നതു ശരിതന്നെ, പക്ഷെ ഉള്ളിൽ അയാൾ എന്നും ഒറ്റയാൻ തന്നെ.
അതുകൊണ്ടാവാം, ഏകാന്തതയിൽ എനിക്കീ പ്രപഞ്ചത്തിലെ എല്ലാററിനോടും ഒരു സ്നേഹ ബന്ധമുണ്ടാക്കാൻ, കഴിയുന്നത്. അപ്പോൾ തോന്നും ഞാനീലോകത്ത് (ഭൂമിയിൽ) ഒറ്റയ്ക്കല്ലന്ന്.
മററുള്ളവർ നമ്മെ മനസ്സിലാക്കുമെന്നുള്ള പ്രതീക്ഷയില്ലാതെ, നിശബ്ദനായി അരങ്ങിലെ കളികൾ കണ്ടിരിക്കുക.
കാപട്യം നിറഞ്ഞ സമൂഹം:
കാപട്യം നിറഞ്ഞതാണ് സമൂഹം. ഒരിക്കൽ ഒരാളെ തലയിലേററുന്നു, മറ്റൊരിക്കൽ മറ്റൊരാളെ. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രം സംസാരിക്കുക അതും നമ്മെ കാപട്യത്തിലേക്ക് എത്തിക്കും. എനിക്ക് ആ കാപട്യത്തിലൂടെ മറ്റുള്ളവരെ പറ്റിയ്ക്കാൻ കഴിയില്ല. സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധത പുലർത്തിക്കൊണ്ട്, മററുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രം സംസാരിക്കാൻ ഒരാൾക്കു കഴിയുമോ?
ഇന്ന് മത്സരം ജീവിതത്തിൽ അനിവാര്യമായി തീർന്നിരിക്കുന്നു. അവിടെ എങ്ങെനെയാണ് ആരോഗ്യകരമായ അല്ലെങ്കിൽ ശുദ്ധമായ, കാപട്യമില്ലാത്ത ഒരു മത്സരം പ്രതീക്ഷിക്കുക! ഈ ജീവിത മത്സരത്തിൽ നമുക്കാരെയൊക്കെ ജയിക്കണം അല്ലങ്കിൽ പിന്നിലാക്കണം.. വേണ്ടി വന്നാൽ മാതാപിതാക്കളെ വരെയൊ?. അപ്പോ കാപട്യത്തിന്റെ മൂടുപടം ആർക്കാണ് വേണ്ടാത്തത്.
ജീവിതം ഇപ്പോൾ ഒരു വ്യവസായമാകുന്നു. മക്കൾ അച്ചനമ്മമാരോടും, അവർ മക്കളോടും, ഭാര്യ ഭർത്താവിനോടും കണക്കു പറയുന്നു, ചോദിക്കുന്നു…! സ്വന്തം ആനന്ദമാണ് ഇന്ന് ഒരൊരുത്തർക്കും ജീവിത ലക്ഷ്യം. ഒപ്പം അനിവാര്യമാക്കുന്ന ഇടവേളകളിൽ താൻ ചെയ്യുന്നതൊക്കെ ശരിയാണന്നും, നിങ്ങളുടെയൊക്കെ നന്മയ്ക്കാണന്ന ബോധ്യപ്പെടുത്തലും.
തനിക്കുചുററും പ്രഭാപൂരം പരക്കണമെന്ന് മോഹിക്കുന്ന മനുഷ്യരിൽ തൊണ്ണൂററഞ്ചു ശതമാനത്തിനും; മററുള്ളവരോടു കാണിക്കുന്ന പരിഗണനയ്ക്ക് രണ്ടു മാനദണ്ഢങ്ങളുണ്ട്.
ഒന്ന്; ആളുടെ വലിപ്പ ചെറുപ്പ വ്യത്യാസം,
രണ്ട്; മറ്റുള്ളവരെ കൊണ്ടു തനിക്കുണ്ടാവുന്ന പ്രയോജനത്തിന്റെ സാധ്യത.
മാത്രമല്ല ഇവിടെ നിന്നും ഞാനും ഒന്നു പഠിച്ചു, നിരന്തരം കൊടുക്കാനും, കളയാനും, കൊച്ചാകാനും കെൽപ്പുള്ളവർ മാത്രമേ സ്നേഹമെന്ന “ഹൈബിസ്സിനസ്സിന്” ഇറങ്ങാവൂ। വലുങ്ങനെ ഒന്നും ഇങ്ങോട്ട് പ്രതീക്ഷിക്കുകയുമരുത്। ഇനി എപ്പോഴെങ്കിലും എന്തെങ്കിലും കിട്ടിയാൽ, കണ്ണിലൂറുന്ന കണ്ണീർ നുണഞ്ഞു നിശ്ശബ്ദമായി തേങ്ങാം വിതുന്വാം॥ അതാണെന്റെ സാമൂഹ്യപാഠം.