Tuesday, November 11, 2008

ഏറി വരുന്ന ജാത്യാഭിമാനം

വഴിവിട്ട ജാതി മത ചിന്തകള്‍...
പത്തു പതിന്നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതുപോലൊരു നവംബര്‍ മാസത്തില്‍ ഇടുക്കിജില്ലയിലെ ചെറുതോണിയിലുളള കെ.എസ്സ്.ഇ.ബി.കോളനിയില്‍ താമസിക്കുന്ന കാലത്ത് കുത്തികുറിച്ച “മതമൌലിക വാദ”ത്തിന്റെ ചുവടുപിടിച്ച് വീണ്ടും ചിലത് കുറിച്ചു വയ്ക്കുന്നു. അന്ന്, പ്രിയമുള്ള പത്രാധിപര്‍; എന്നാണ് എന്റെ കുറുപ്പടിയുടെ സംബോധനയെങ്കില്‍ ഇന്നതിന്റെ ആവശ്യം ഇല്ലാതായിരിക്കുന്നു.കാരണം ഇതെന്റെ മലയാളം ബ്ലോഗില്‍ സുരക്ഷിതമായി കുറച്ചുകാലമെങ്കിലും ഉണ്ടാവുമെന്നതുതന്നെ!

പത്രങ്ങളില്‍ മതമൌലികവാദത്തിന്റെ ചൂട് ഒന്നുതണുത്തിരിക്കേ ആവണം അന്നാകുറിപ്പെഴുതിവച്ചത്. എങ്കിലും,മനുഷ്യമനസ്സുകളില്‍ പ്രത്യേകിച്ചും;ഇന്‍ഡ്യയേയും,മഹാത്മജിയേയും സ്നേഹിക്കുന്ന, കേരളത്തേയും ശ്രീനാരായണഗുരുവിനേയും സ്നേഹിക്കുന്ന, മനുഷ്യ മനസ്സുകളില്‍ മതമൌലിക വാദികള്‍ അന്നും ഉണ്ടാക്കിയിരുന്ന വൃണം ഇന്നും ഉണങ്ങിയിട്ടില്ല.അതുകൊണ്ടുതന്നെയാവാം ഇതിന്നിടെ അന്നു മറിച്ചുനോക്കിയ ബുക്കുകളില്‍ നിന്നും; ഇ.എം.എസ്സ് ന്റേയും,ശ്രീനാരായണഗുരുവിന്റേയും, (മനസ്സില്‍ ഇനിയും തങ്ങിനില്‍ക്കുന്ന) താഴെ പറയുന്ന വാക്കുകള്‍ കുറിച്ചിട്ടത്. ഇവിട മൌലികവാദം മതത്തില്‍ നിന്നും ആഴത്തിലേക്ക്; അതായത് ജാതിയിലേക്ക് തിരിയുന്നു എന്നുമാത്രം.

എന്തുകൊണ്ടാവും ഇ.എം.സ്സ്. “വേദങ്ങളുടെ നാട്” എന്ന പുസ്തകത്തില്‍ ഈ വിധം എഴുതിയത് ?

“...രണ്ടു മൂന്ന് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന പിന്നോക്കാവസ്ഥയില്‍ നിന്നും ഇന്‍ഡ്യയെ പുരോഗമിപ്പിക്കാന്‍ സഹായിച്ചത്, വര്‍ണ്ണ(ജാതി) വ്യവസ്ഥയുടെ ഉദ്ഭവമാണ്. സാമ്പത്തികവും സാസ്കാരികവുമായ രംഗങ്ങളില്‍ അതേവരെ നടന്നിട്ടില്ലാത്ത അഭിവൃ‍ദ്ധി, വര്‍ണ്ണ(ജാതി) വ്യവസ്ഥയ്ക്കു കീഴില്‍ കൈവന്നു എന്നത് അനിഷേധ്യമായ സത്യമാണ്...”

ഇവിടെ കൈവന്നു എന്നുപറയുന്ന, സാമ്പത്തികവും,സാസ്കാരികവുമായ പുരോഗതി ആര്‍ക്കാണ് ഉണ്ടായത്? എങ്ങനെ? വര്‍ണ്ണ (ജാതി) വ്യവസ്ഥ ആയതിന് ഏതുവിധം സഹായകമായി എന്നു ധരിക്കണം! അല്ലെങ്കില്‍ ആ സത്യങ്ങളൊക്കെ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു!

ശ്രീനാരായണ ഗുരു എന്തേ (1092ME) ആലുവായില്‍ വച്ചുനടന്ന ഒരു യോഗത്തില്‍ ഈ വിധം പറഞ്ഞു?

"...ജാതികൊണ്ട് ഒരു ഗുണവും ഇല്ല.അത് മനുഷ്യരുടെ സ്വാതന്ത്യം തടുക്കുന്നു.ബുദ്ധി നശിപ്പിക്കുന്നു. സ്വാതന്ത്യവും,ബുദ്ധിയും ഇല്ലാതെ തൊഴില്‍ എങ്ങനെ നന്നാവും...”

ശ്രീനാരായണഗുരു ആകട്ടെ, ചട്ടന്വിസ്വാമികളാവട്ടെ; അവര്‍ ഹിന്ദുപുരോഹിതര്‍ പടുത്തുയര്‍ത്തിയ (ഇതിഹാസ പുരാണങ്ങളിലൂടെ) മതത്തിന്റെ തന്നെ സൃഷ്ടികളായ ചാതുര്‍വര്‍ണ്ണ്യത്തിനും, ജാതിവ്യവസ്ഥകള്‍ക്കും എതിരെ എന്നും കലഹിച്ചുപോന്ന ൠഷിമാരായിരുന്നു, എന്നു കാണാം.
ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയാല്‍ ഏറേക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനസമൂഹത്തെ മനുഷ്യരാക്കി,മനുഷ്യസമൂഹത്തോടൊപ്പം നില്‍ക്കാന്‍ ശക്തിയും,ധൈര്യവും പകര്‍ന്ന ആ ഗുരുവിനു തന്നെ താന്‍ രൂപം കൊടുത്ത എസ്സ്।എന്‍।ഡി।പി।യോഗത്തോട് കലഹിച്ച് (പിണങ്ങി) പിരിയേണ്ടിവന്നു. യോഗം അംഗങ്ങളില്‍ തന്നെ ഏറിവരുന്ന ജാത്യാഭിമാനത്തിലും, നഷ്ടമാകുന്ന ലക്ഷ്യബോധത്തിലും ദുഖിതനായ ഗുരുവിന് അന്ന് താന്‍ രൂപംകൊടുത്ത എസ്സ്.എന്‍.ഡി.പി.‍യോഗം വിട്ടുപോകേണ്ടിവന്നതും ഇനിയും നമ്മെ ചിന്തിപ്പിക്കുന്നില്ല? മാത്രമല്ല തുടര്‍ന്നു എസ്സ്.എന്‍.ഡി.പി.യോഗത്തിന് നല്‍കിയ സ്വത്തുക്കളില്‍ ചിലതു തിരിച്ചെടുത്തുകൊണ്ടുള്ള വില്പത്രംവരെ ഗുരുവിന് തയ്യാറാക്കേണ്ടിവന്നു. അങ്ങനെ ഗുരുവിനെ എസ്സ്.എന്‍.ഡി.പി.യോഗത്തിന് കോടതി വ്യവഹാരങ്ങളിലേക്കു കൂടി വലിച്ചിഴയ്ക്കാന്‍ കഴിഞ്ഞത് നാണക്കേടാകയാല്‍ മറക്കാന്‍ ശ്രമിക്കാം.
പകരം ഗുരുശാപ മോക്ഷത്തിനായി, ഗുരുകൃപയാല്‍ നമുക്കുലഭ്യമായ (കൂടുതല്‍ നല്ലതും,ചീത്തുമായ വഴികളിലൂടെ) ഭൌതിക വസ്തുക്കളുടെ ഒരു പങ്ക് സംഭാവനയായി നല്‍കാം. കുററബോധം തീരുവോളം ദൈവദശകം ചൊല്ലാം. ശാന്തി മന്ത്രവും.

ഗീതാജ്ഞലിയുടെ നാട്ടില്‍ നിന്നും ജാത്യാഭിമാനബോധത്തിന്റെ നവഗീതങ്ങള്‍:

ഈ അടുത്ത് ഒരു ബംഗാളി കമ്മ്യൂണിസ്ററ് മന്ത്രി പറഞ്ഞത് കേട്ട് കക്ഷിരാഷ്ടീയ പ്രബുദ്ധത പോരാത്ത ഒരു വിഭാഗം ഭാരതീയര്‍ ഞെട്ടി! അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക।

“... ഞാന്‍ ഒന്നാമതായി ഒരു ബ്രാഹ്മണനും, രണ്ടാമതായി ഒരു ഹിന്ദുവും, മൂന്നാമതായി ഒരു കമ്മ്യൂണിസ്ററുമാണ്...”

ഇന്‍ഡ്യ എന്ന മതേതര രാജ്യത്തിലെ, അച്ചടക്കമുള്ള ഒരേയൊരു വിപ്ലവപാര്‍ട്ടി രണ്ടു ദശാബ്ദക്കാലത്തിലേറേ ആയി ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെ മന്ത്രിയുടെ തന്നെ മനസ്സിലിരിപ്പ്, ഈ വാക്കുകളിലൂടെ നമ്മുക്കു കാണാം. മനസ്സിനെ നിയന്ത്രിക്കാനറിയാവുന്ന മററ് ആനേകം ബുദ്ധിമതികളുടെ വായില്‍ നിന്നും നമുക്കിത് പരസ്യമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലന്നു മാത്രം.

അധികാരത്തിന്റെ ഇടനാഴികളിലെ ജാതിമത വാഴ്ചകള്‍ കേരളത്തില്‍ :

ഇനി നമുക്ക് അധികാരത്തിന്റെ ഇടനാഴികളിലൂടെ ജീവിതത്തിന്റെ നല്ലൊരു സമയവും കഴിഞ്ഞ്, ജീവനോടെ പുറത്തു വന്നതില്‍ ആശ്വാസം കാണുന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ വാക്കുകള്‍ കൂടി കേള്‍ക്കാം- ഈ വിഷയത്തില്‍;

“കേരളത്തില്‍ ജാതിയില്ലന്നു പറയുന്നത് വെറും ഭംഗിവാക്കാണന്നും,കേരള സമൂഹത്തില്‍ ഇന്ന്‍ ജാതി കൊടികുത്തി വാഴുകയാണന്നും, രാഷ്ടീയ പാര്‍ട്ടികളില്‍പ്പോലും ജാതിചിന്തയു‍ണ്ടെന്നും, ആയത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്വോള്‍ തന്നെ ജാതിയാണ് ഏക മാനദണ്ഢമെന്നും;മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. ടി.എന്‍. ജയചന്ദ്രന്‍ ഈ അടുത്ത ദിവസം പറയുകയുണ്ടായി”
ഈ അനാരോഗ്യകരമായ ജാത്യാഭിമാന പ്രവണതയ്ക്കെതിരെ എങ്ങനെ പ്രതികരിക്കണം?
വളര്‍ന്നു വരുന്ന ഈ ജാത്യാഭിമാനബോധം നല്ലതിനോ? ബുദ്ധിപൂര്‍വ്വം അവഗണിച്ച് ആയതിനെ ഞാനും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമോ? ഞാനിവിടെ ‘കേരള കൌമുദി’ പത്രാധിപരായിരുന്ന ശ്രീ. കെ.സുകുമാരന്‍ എനിക്കു തന്നൊരു ഉപദേശം ഓര്‍ക്കുന്നു, സ്വീകരിക്കുന്നു. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ തലപൊക്കിയിരുന്ന നക്സലിസത്തിനെതിരെ അന്ന് പ്രതികരിച്ചുകൊണ്ട് എഴുതിയ എന്റെ ലേഖനത്തിനു തന്ന മറുപടി കത്ത് ഇവിടെയും ഞാനിന്ന് ആശ്വാസമായി കാണുന്നു. ആ മറുപടി കുറിപ്പിലെ വാക്കുകള്‍ ശ്രദ്ധിക്കുക.

“...ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരണം നല്‍കി പ്രക്ഷോഭണം സംഘടിപ്പിക്കാന്‍ കാലം പക്വമായി എന്ന് തോന്നുന്നില്ല.കുറേ കൂടി ഇതു നടക്കണം.മനുഷ്യമനസ്സാക്ഷി ക്ഷോഭിച്ചിളകണം. പ്രചാരണത്തെക്കാള്‍ അനുഭവങ്ങളാണ് മനസ്സാക്ഷിക്ക് പ്രചോദനം നല്‍കേണ്ടത്. അതുകൊണ്ടാണ് കാലം പക്വമായില്ല എന്ന് പറഞ്ഞത്...”
അതെ കാത്തിരിക്കാം... ആഗ്രഹിക്കാം...നല്ലത് തന്നെ പ്രതീക്ഷിക്കാം...ആയതിന് പ്രാര്‍ത്ഥിക്കാം...വരുന്ന തലമുറയ്ക്കുവേണ്ടി ഒരു മതേതര ഇന്‍ഡ്യ സ്വപ്നം കാണാം...



3 comments:

Rajin Kumar said...

ഹിറ്റലര്‍ക്ക ആര്യന്‍ സുപ്പീരിയോറിറ്റി തിയറി പോലെയാണ് ഇ.എം.എസ്സ് ന് നായര്‍ നമ്പൂതിരി സുപ്പീരിയോറിറ്റി തിയറി. ജനങ്ങളെ വിഡ്ഢികളാക്കാന്‍ പൂണൂല്‍ പറിച്ചെറിഞ്ഞെങ്കിലും മനസ്സില്‍ ഒരു തികഞ്ഞ ഫ്യൂഡല്‍ നമ്പൂതിരി ആയിരുന്നു

The Kid said...

കുറെ ആളുകള്‍ പണ്ട് നമ്പൂരിയെ മനുഷ്യനാക്കാന്‍ യത്നിച്ചിരുന്നു. ഇന്ന് മനുഷ്യനെ നമ്പൂരിയാക്കുന്നതാണ് fashion. നമുക്കെല്ലാര്‍ക്കും ഒരു ദൈവം മതി എന്നു പറഞ്ഞ മഹാനെത്തന്നെ നാം ദൈവമായി വാഴിച്ചു. ഇനിയും ഒരുപാട് നന്‍മകളെ തച്ചുടയ്ക്കാന്‍ ബാക്കിയുണ്ട്. അതുകൊണ്ട്, വേഗം...

chithrakaran ചിത്രകാരന്‍ said...

സുഹൃത്തേ,
മഹനീയ ചിന്തകള്‍.
ബൂലോകത്ത് ജാതി വിവേചനത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നതു പോലും ജാതി ചിന്തയാണെന്നു ആക്ഷേപിച്ചുകൊണ്ട് ജാതിക്കോമരങ്ങള്‍
ഉറഞ്ഞു തുള്ളുകയാണ് പതിവ്.
ജാതീയതയെ വിമര്‍ശിക്കുന്നവരെല്ലാം അപകര്‍ഷത പൈതൃകമായി ലഭിച്ച ദളിതരാണത്രേ !!
(ദലിതരെന്നു വിശേഷിപ്പിക്കപ്പെടുന്ന്വര്‍ എന്തേ മനുഷ്യരല്ലേ?)
ദളിതരെന്നു വിശേഷിപ്പിക്കപ്പെടാതിരിക്കാന്‍, സംസ്കാര സമ്പന്നരെന്നു മേനിനടിക്കാന്‍ ... ആരും ജാതിയെക്കുറിച്ച് ബൂലോകത്ത് സംസാരിക്കാറില്ല. ജാതിയുടെ മഹത്വം പേരിന്റെ വാലിലോ ഈ മെയിലിലോ ചേര്‍ത്ത് അന്തസ്സുകൂട്ടുന്നത് തികച്ചും പോസിറ്റീവായ പ്രവര്‍ത്തനമായതിനാല്‍ സ്വാഗതം ചെയ്യപ്പെടുകയും,അംഗീകരിക്കപ്പെടുകയും ചെയ്യും.
എന്നാലും ... എല്ലാവരും നല്ല വിവരവും,അന്തസ്സും,കുലമഹിമയുമുള്ള വിശ്വമാനവന്മാരാണുകെട്ടോ !!!! ഹഹഹഹഹ....